അന്ന് പറഞ്ഞ കാര്യങ്ങളില്‍ അല്‍പം മാറ്റം വരുത്തിയിരുന്നെങ്കില്‍ കോഹ്‌ലിക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെടില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഗവാസ്‌കര്‍
Sports News
അന്ന് പറഞ്ഞ കാര്യങ്ങളില്‍ അല്‍പം മാറ്റം വരുത്തിയിരുന്നെങ്കില്‍ കോഹ്‌ലിക്ക് ക്യാപ്റ്റന്‍സി നഷ്ടപ്പെടില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th December 2021, 1:34 pm

കോഹ്‌ലിയെ ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു. അര്‍ഹിച്ച പരിഗണന പോലും നല്‍കാതെയാണ് പുറത്താക്കിയതെന്ന് ചൂണ്ടിക്കാണിച്ച് നിരവധി വിദേശ താരങ്ങളുള്‍പ്പടെ കോഹ്‌ലിക്ക് പിന്തുണയറിയിച്ചിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയതിന് ശേഷം ബുധനാഴ്ചയാരുന്നു കോഹ്‌ലി ആദ്യമായി ഒരു പ്രസ്താവന പോലും നടത്തിയത്. പത്രസമ്മേളനത്തിലൂടെയായിരുന്നു താരം തന്റെ അതൃപ്തി അറിയിച്ചത്.

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറരുതെന്നാവശ്യപ്പെട്ട് ആരും തന്നെ കണ്ടില്ലെന്നും വിരാട് വ്യക്തമാക്കി.

ഗാംഗുലി തന്നെ വ്യക്തിപരമായി കണ്ട് സംസാരിച്ചുവെന്ന വാര്‍ത്തകളേയും താരം തള്ളിയിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍.

ടി-20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ചെറിയ മാറ്റം വരുത്തിയിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

ഇന്ത്യ റ്റുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ എല്ലാം എനിക്കറിയാം. നിങ്ങള്‍ക്കുമറിയാം എന്ന് കരുതുന്നു. ബി.സി.സി.ഐയുടെ അധികാരസ്ഥാനത്തിരിക്കുന്നവരെ അന്ന് കോഹ്‌ലി പറഞ്ഞത് അലോസരപ്പെടുത്തിയെന്നിരിക്കാം.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ ടെസ്റ്റിലും ഏകദിനത്തിലും ഞാന്‍ ഇന്ത്യയെ നയിക്കും എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. എന്നാല്‍ അതിന് പകരം ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നായിക്കാന്‍ ഞാന്‍ ഉണ്ടാവും എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു,’ ഗവാസ്‌കര്‍ പറഞ്ഞു.

കോഹ്‌ലി ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പരയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കോഹ് ലി തന്നെ വ്യക്തമാക്കിയതായും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന പരമ്പര കളിക്കാന്‍ ഇന്ത്യന്‍ ടീം നാട്ടില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. 26ന് സെഞ്ചൂറിയനില്‍ വെച്ചാണ് ആദ്യ മത്സരം നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Sunil Gavaskar Feels Virat Kohli’s Statement In September Could Have Been Reason For ODI Captaincy Removal