| Monday, 30th May 2022, 7:53 pm

ഹര്‍ദിക്ക് അടുത്ത ധോണി; പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മികച്ച രീതിയിലാണ് ഹര്‍ദിക്ക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചത്. ആദ്യമായി ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടും അതിന്റെ യാതൊരു സമര്‍ദ്ദവുമില്ലാതെയായിരുന്നു താരം ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചത്.

ഏതൊരു ക്യാപ്റ്റന്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലും അവരെ മഹേന്ദ്ര സിംഗ് ധോാണിയുമായി താരതമ്യപ്പെടുത്തുന്നത് ക്രിക്കറ്റില്‍ പതിവുള്ള കാര്യമാണ്. അതാണ് ധോണി ക്യാപ്റ്റന്‍സിയല്‍ ഉണ്ടാക്കിയ ഇംപാക്റ്റ്.

ഇത്തവണ ആ ഭാഗ്യം ലഭിച്ചിരിക്കുന്നത് ഹര്‍ദിക്കിനാണ്. മുന്‍ ഇന്ത്യന്‍ ഇതിഹാസമായ സുനില്‍ ഗവാസ്‌ക്കറാണ് ഹര്‍ദിക്കിനെ ധോണിയുമായി സാമ്യപ്പെടുത്തിയിരിക്കുന്നത്.

ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയിലുള്ള പ്രകടനത്തിന് ഒരുപാട് ക്രെഡിറ്റ് ധോണിക്ക് കൊടുക്കണം എന്നാണ് ഗവാസ്‌ക്കറിന്റെ അഭിപ്രായം.

‘ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയിലേക്ക് നോക്കുമ്പോള്‍ ധോണിയുമായി ഒരുപാട് സാമാനതകള്‍ തോന്നുന്നുവെന്നും അവന്‍ ധോണിയല്‍ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ടെന്നും മനസിലാക്കുന്നു’, ഗവാസ്‌ക്കര്‍ പറഞ്ഞു.

ധോണിയെ സ്വന്തം ചേട്ടനായും ഹീറോയുമായിട്ടാണ് ഹര്‍ദിക്ക് കാണുന്നത്. മാന്‍ മാനേജ്‌മെന്റില്‍ അവന്റെ കഴിവുകള്‍ ധോണിയുടേത് പോലെയാണ്. മൈതാനത്ത് വികാരങ്ങള്‍ അടക്കിവെച്ച് ഡ്രസിങ് റൂമില്‍ വെച്ച് കളിക്കാരുടെ തെറ്റുകള്‍ അവരെ മനസിലാക്കാനും ശ്രമിക്കും. ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ സമീപനം കാരണം, ഓരോ കളിക്കാരനും നായകന് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ ആഗ്രഹിക്കും. ബൗളിംഗ് ചേഞ്ചുകളിലും ഫീല്‍ഡ് പ്ലേസ്മെന്റുകളിലും ഹര്‍ദിക്ക് മികച്ചുനിന്നിരുന്നു. ക്യാപ്റ്റനായുള്ള അവന്റെ വിജയം ഇന്ത്യന്‍ ടീമിന് സന്തോഷം നല്‍കുന്നതാണെന്നും ഗവാസ്‌ക്കര്‍ പറഞ്ഞു.

ഈ ഐ.പി.എല്ലില്‍ 15 കളികളില്‍ നിന്നും 453 റണ്ണും എട്ട് വിക്കറ്റുമാണ് ഹര്‍ദിക്ക് നേടിയത്. രാജസ്ഥാനെതിരായ ഫൈനലില്‍ ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എന്നീ താരങ്ങളെ പുറത്താക്കിയതും ഹര്‍ദിക്കായിരുന്നു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ചും ഗുജറാത്തിന്റെ ക്യാപ്റ്റന്‍ തന്നെയായിരുന്നു.

മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഹര്‍ദിക്ക് . 2015ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച താരം മുംബൈക്കൊപ്പം 4 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഗുജറാത്തിനായി നേടിയ കിരീടം താരത്തിന്റെ അഞ്ചാം കിരീടമാണ്.

Content Highlights: Sunil Gavaskar says Hardhik Pandya is similar to M.S Dhoni

We use cookies to give you the best possible experience. Learn more