ഇന്ത്യ-ന്യൂസിലാൻഡ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹർദിക് പാണ്ഡ്യയുടെ പുറത്താവൽ ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. തേർഡ് അമ്പയറുടെ തെറ്റായ തീരുമാനത്തിന് പിന്നാലെയാണ് ഹർദിക് പുറത്തായത്.
കിവീസ് ബൗളറായ ഡാരിൽ മിച്ചലിന്റെ പന്തിൽ ഹർദിക് ബൗൾഡായെന്നാണ് തേർഡ് അമ്പയറും മലയാളിയുമായിരുന്ന കെ.എൻ. അനന്തപദ്മനാഭൻ വിധിച്ചത്. എന്നാൽ പന്തല്ല, വിക്കറ്റ് കീപ്പർ ടോം ലാഥമിന്റെ ഗ്ലൗസാണ് സ്റ്റംപിൽ കൊണ്ടത്.
റീപ്ലേകളിൽ ഇക്കാര്യം വ്യക്തമായിരുന്നെങ്കിലും തേർഡ് അമ്പയർ സന്ദർശകർക്ക് അനുകൂലമായി ഔട്ട് വിളിക്കുകയായിരുന്നു. ഈ നടപടി ഏറെ വിവാദങ്ങൾക്കായിരുന്നു വഴിവെച്ചത്.
ന്യൂസിലാൻഡ് ഇന്നിങ്‌സിൽ ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഇഷാൻ കിഷന്റെ തീരുമാനം. ലാഥം ചെയ്യുന്നതിന് സമാനമായി വിക്കറ്റിനോട് ചേർന്നുനിന്നുകൊണ്ട് കീപ്പ് ചെയ്യനായിരുന്നു ഇഷാൻ കിഷനും തീരുമാനിച്ചത്.
ടോം ലാഥം ഫേസ് ചെയ്ത ആദ്യ പന്തിൽ തന്നെ ഇഷാൻ ‘പണി തുടങ്ങിയിരുന്നു’. കുൽദീപ് യാദവ് എറിഞ്ഞ ആദ്യ പന്ത് ലാഥം ഫ്‌ളിക് ചെയ്യുകയായിരുന്നു. എന്നാൽ വിക്കറ്റ് വീണെന്ന് കാണിച്ച് ഇഷാൻ കിഷൻ അപ്പീൽ ചെയ്യുകയായിരുന്നു.
ടോം ലാഥം ഔട്ടായെന്ന തരത്തിൽ ഇന്ത്യൻ ടീം സെലിബ്രേഷൻ ആരംഭിച്ചിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ നിൽക്കുന്ന ലാഥമായിരുന്നു പ്രധാന കാഴ്ച.
It’s a great way to protest against how Hardik Pandya was given out by the third umpire, if Hardik Pandya’s one was out, then the umpires might as well give this one out.😆#IshanKishan#INDvsNZ#TomLathampic.twitter.com/hveSusDrCc
എന്താണ് നടന്നതെന്ന് വ്യക്തമാവാത്തതിനാൽ ഫീൽഡ് അമ്പയർ തേർഡ് അമ്പയറിന് വിടുകയായിരുന്നു. റീപ്ലേകളിൽ ഇഷാൻ കിഷൻ സ്വയം ബെയ്ൽസ് തട്ടിയിടുന്നതായി കാണുകയായിരുന്നു. ഇതിനിടെ ഈ സംഭവം പറഞ്ഞ് ഇഷാൻ കിഷനും സഹ താരങ്ങളും ചിരിക്കുകയായിരുന്നു.
ഇതറിഞ്ഞ ലാഥം തന്റെ അമർഷം പ്രകടമാക്കുകയും ചെയ്തിരുന്നു.
വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ് സുനിൽ ഗവാസ്കർ. മാന്യതയില്ലാത്ത പെരുമാറ്റമാണിതെന്നും ഇന്ത്യൻ താരങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാവാൻ പാടില്ലെന്നും ഗവാസ്കർ പറഞ്ഞു.
‘തമാശയെന്ന നിലയിൽ ഇത് അംഗീകരിക്കാവുന്നതാണ്. എന്നാൽ അതിന് ശേഷം അവൻ അപ്പീൽ ചെയ്തു. അതൊരു മാന്യമായ രീതിയാണെന്ന് കരുതുന്നില്ല. അതൊരിക്കലും നല്ല ക്രിക്കറ്റല്ല,’ ഗവാസ്‌കർ പറഞ്ഞു.
എന്നാൽ ഇഷാന്റെ ശ്രമത്തെ പിന്തുണച്ചാണ് കൂടുതൽ ആരാധകരും രംഗത്തെത്തിയത്.