| Monday, 6th January 2025, 11:08 am

അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ നിങ്ങള്‍ക്ക് ഒരു അര്‍ഹതയുമില്ല; ആഞ്ഞടിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

താരങ്ങള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരങ്ങള്‍ ഒഴിവാക്കുന്ന പ്രവണതയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പരിക്ക് മൂലമോ മറ്റ് മെഡിക്കല്‍ എമര്‍ജന്‍സികളോ അല്ലാതെ മറ്റൊരു കാരണങ്ങളാലും മത്സരത്തില്‍ നിന്നും ഒഴിവാകാന്‍ സാധിക്കില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് തോന്നുന്നത് അടുത്ത 8-10 ദിവസങ്ങള്‍ ഏറെ പ്രധാനമാണെന്നാണ്. ടീമിലെ സൂപ്പര്‍ സ്റ്റാര്‍ സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുടെ നൂറ് ശതമാനവും ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കാന്‍ നിങ്ങള്‍ തയ്യാറായിരിക്കണം.

പരിക്കോ മറ്റ് എമര്‍ജന്‍സികളോ ഇല്ലാത്ത പക്ഷം എല്ലാ പരമ്പരകളും കളിക്കാന്‍ താരങ്ങള്‍ തയ്യാറാകണം. ഇത്തരത്തില്‍ കളിക്കാന്‍ തയ്യാറല്ലാത്ത താരങ്ങളുണ്ടെങ്കില്‍ ഒരു കാരണവശാലും അവരെ പരിഗണിക്കരുത്,’ ഗവാസ്‌കര്‍ പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പരമ്പരയിലെ ആദ്യ മത്സരങ്ങള്‍ കളിച്ചിരുന്നില്ല. സീരീസ് ഓപ്പണറില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയമാണ് രോഹത്തിന്റെ അഭാവത്തില്‍ നായകനായ ബുംറ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.

രോഹിത് ശര്‍മ മാത്രമല്ല, വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ മകളുടെ പിറന്നാള്‍ പോലുള്ള വ്യക്തിപരമായ കാര്യങ്ങള്‍ക്കായി മത്സരങ്ങള്‍ ഒഴിവാക്കുന്ന സംഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടുണ്ട്.

താരങ്ങളുടെ ഇത്തരം പ്രവൃത്തികളെയാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചത്.

‘താരങ്ങളെ ലാളിക്കുന്ന പരിപാടി അവസാനിപ്പിക്കേണ്ടിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ നമ്മള്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.

താരങ്ങളെ ആരാധിക്കുന്ന നിലപാട് മാറ്റി അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകണം. നിങ്ങളെ സംബന്ധിച്ച് മറ്റെല്ലാം മാറ്റിവെച്ച് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രഥമ പരിഗണന നല്‍കണമെന്ന് പറയാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സാധിക്കണം.

നിങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight:  Sunil Gavaskar criticized players who skip India’s matches due to personal reasons

We use cookies to give you the best possible experience. Learn more