ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ ടോപ്പ് ഓര്‍ഡറില്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ ഒഴികെ മറ്റാര്‍ക്കും മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. നിര്‍ണായകമായ ബോക്സിങ് ഡേ ടെസ്റ്റില്‍ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ടീമിനെ സഹായിക്കാന്‍ കഴിഞ്ഞില്ലായിരുന്നു. ഇതോടെ ഏറെ വിമര്‍ശനങ്ങളാണ് ഇരുവരും ഏറ്റുവാങ്ങുന്നത്.
ഇപ്പോള്‍ രോഹിത് ശര്‍മയുടെ കാര്യത്തിലും വിരാട് കോഹ്‌ലിയുടെ കാര്യത്തിലും സെലക്ടര്‍മാര്‍ തീരുമാനമെടുക്കണമെന്ന് പറയുകയാണ് സുനില്‍ ഗവാസ്‌കര്‍. ഫോമില്ലാത്ത സീനിയര്‍താരങ്ങളെ മധ്യനിരയില്‍ കളിപ്പിക്കേണ്ടിവരുമെന്നാണ് മുന്‍ താരം പറഞ്ഞത്.
സുനില്‍ ഗവാസ്‌കര്‍ രോഹിത്തിനെക്കുറിച്ചും വിരാടിനെക്കുറിച്ചും പറഞ്ഞത്
‘അവരുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുക്കണം, അവര്‍ക്ക് പ്രകടനം നടത്താന്‍ കഴിയുന്നില്ല. നിങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ വെടിയുതിര്‍ക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ലോവര്‍ ഓര്‍ഡറിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. സീനിയര്‍ താരങ്ങളെല്ലാം ബുദ്ധിമുട്ടുകയാണ്, സിഡ്നി ടെസ്റ്റില്‍ അവര്‍ക്ക് മധ്യനിരയില്‍ തുടരേണ്ടിവരും.
കോഹ്‌ലിയുടെ കാല്‍ ബോള്‍ പിച്ച് ചെയ്യുന്ന സ്ഥലത്തേക്ക് പോകുന്നില്ല, ബോളിന്റെ ലൈനില്‍ ഫൂട്ട് വര്‍ക്ക് വന്നാല്‍, ബാറ്റ് മിഡില്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അവനിപ്പോഴും അതിലേക്ക് എത്തിയിട്ടില്ല,’ സുനില്‍ ഗവാസ്‌കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.
മത്സരത്തില്‍ രോഹിത് ഓപ്പണിങ് ഇറങ്ങിയിട്ട് സ്‌കോര്‍ ചെയ്യാനോ ടീമിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനോ സാധിച്ചില്ല. ആദ്യ ഇന്നിങ്സില്‍ ഒമ്പത് റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ മൂന്ന് റണ്‍സും നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് പരാജയപ്പെടുകയായിരുന്നു.
ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിരയില്‍ മോശം പ്രകടനമാണ് വിരാട് കോഹ്‌ലി നടത്തിയത്. ബോക്‌സിങ് ഡേയിലെ ആദ്യ ഇന്നിങ്‌സില്‍ 24 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സുമാണ് വിരാടിന്റെ സംഭാവന. മാത്രമല്ല പെര്‍ത്തില്‍ താരം നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ മികവ് പുലര്‍ത്തിയ ഇന്നിങ്‌സ് ഒന്നുപോലും എടുത്ത് പറയാന്‍ ഇല്ല.
Content Highlight: Sunil Gavaskar Criticize Virat Kohli And Rohit Sharma