| Thursday, 2nd March 2023, 9:24 am

ഗില്ലിനെതിര ആഞ്ഞടിച്ച് ഗവാസ്‌കര്‍, ഇത്രയ്‌ക്കൊന്നും പറയല്ലേ എന്ന് ഹെയ്ഡന്‍; ടാക്ടിക്‌സ് അറിയാത്തതില്‍ കടുപ്പിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് ടെസ്റ്റിലും പരാജയമായതിന് പിന്നാലെ മൂന്നാം മത്സരത്തില്‍ കെ.എല്‍. രാഹുലിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. യുവതാരം ശുഭ്മന്‍ ഗില്ലായിരുന്നു രാഹുലിന് പകരക്കാരനായി ടീമിലെത്തിയത്. രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തതും ഗില്‍ തന്നെയായിരുന്നു.

ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത രീതിയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനിടെ ഓസീസിന്റെ സ്പിന്‍ കെണിയില്‍ വീണുകൊണ്ടായിരുന്നു ഇരുവരുടെയും മടക്കം.

മത്സരത്തിനിടെ ഗില്ലിന് ചെറിയ തോതില്‍ പരിക്കേല്‍ക്കുകയും ഫിസിയോയെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ക്വിക് സിംഗിളിനിടെ ക്രീസിലേക്ക് ഡൈവ് ചെയ്തപ്പോഴായിരുന്നു താരത്തിന് പരിക്കേറ്റത്.

എന്നാല്‍, ആ അവസരത്തില്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിച്ചതില്‍ മുന്‍ ഇന്ത്യന്‍ താരവും മത്സരത്തിലെ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറിനെ ചൊടിപ്പിച്ചിരുന്നു. ആ സമയത്ത് ഫിസിയോയെ വിളിപ്പിച്ചത് ഓസ്‌ട്രേലിയക്ക് ഗുണം ചെയ്തുവെന്നാണ് ആദ്ദേഹം അഭിപ്രായപ്പെടുന്നത്.

‘ഫിസിയോയെ വിളിക്കുന്നത് ഗില്‍ അടുത്ത ഓവറിലേക്ക് മാറ്റിവെക്കണമായിരുന്നു. അവനിപ്പോള്‍ പേസ് ബൗളര്‍ക്ക് ആശ്വസിക്കാനുള്ള സമയമാണ് നല്‍കുന്നത്. അതൊരിക്കലും ശരിയല്ല,’ എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്.

എന്നാല്‍ ഗവാസ്‌കറിനൊപ്പം കമന്ററി ടീമിലുണ്ടായിരുന്ന മാത്യു ഹെയ്ഡന്‍ ഇതില്‍ തന്റെ നീരസം വ്യക്തമാക്കിയിരുന്നു. ‘നിങ്ങളൊരു പരുക്കനായ വ്യക്തിയാണ് സണ്ണി (ഗവാസ്‌കര്‍)’ എന്നായിരുന്നു ഹെയ്ഡന്‍ പറഞ്ഞത്.

എന്നാല്‍ ഗവാസ്‌കര്‍ തന്റെ അഭിപ്രായത്തില്‍ നിന്നും മാറിയില്ല. ‘അവന്‍ സ്വന്തം രാജ്യത്തിനായാണ് കളിക്കുന്നത്. രണ്ട് പന്ത് കൂടി അവന്‍ ഫേസ് ചെയ്യണമായിരുന്നു,’ എന്നായിരുന്നു ഗവാസ്‌കറിന്റെ മറുപടി.

ഒടുവില്‍ 18 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയുള്‍പ്പെടെ 21 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇന്ത്യന്‍ നിരയിലെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 109 റണ്‍സിന് ഓസീസ് സ്പിന്നര്‍മാര്‍ എറിഞ്ഞിട്ടിരുന്നു. ഫൈഫര്‍ നേടിയ മാത്യു കുന്‍മാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും ഒറ്റ വിക്കറ്റുമായി ടോഡ് മര്‍ഫിയും കങ്കാരുക്കള്‍ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ദിവസം തന്നെ ലീഡ് സ്വന്തമാക്കി. ഇന്ത്യയെ കശാപ്പുചെയ്ത സ്പിന്‍ പിച്ച് എന്നാല്‍ ആതിഥേയരെ തുണച്ചില്ല. ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ 54 ഓവറില്‍ 156 എന്ന നിലയിലാണ് ഓസീസ്.

Content highlight: Sunil Gavaskar criticize Shubman Gill

We use cookies to give you the best possible experience. Learn more