രോഹിത്തിന് ഓപ്പണ്‍ ചെയ്യാന്‍ ഗില്ലിനെ ഒഴിവാക്കി; വമ്പന്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
Sports News
രോഹിത്തിന് ഓപ്പണ്‍ ചെയ്യാന്‍ ഗില്ലിനെ ഒഴിവാക്കി; വമ്പന്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 2:17 pm

മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ പരാജയമാണ് ഓസീസിനോട് ഏറ്റിവാങ്ങിയത്. മത്സരത്തിലെ രണ്ട് ഇന്നിങ്‌സില്‍ലും മോശം പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാഴ്ചവെച്ചത്. ഓപ്പണറായ കെ.എല്‍. രാഹുലിനെ മൂന്നാമനാക്കി ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയായിരുന്നു ഇലവന്‍.

രോഹിത് ഓപ്പണിങ് ഇറങ്ങിയിട്ട് സ്‌കോര്‍ ചെയ്യാനോ ടീമിനെ ഏതെങ്കിലും തരത്തില്‍ സഹായിക്കാനോ സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സും നേടിയാണ് താരം പുറത്തായത്. കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് പരാജയപ്പെടുകയായിരുന്നു.

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്ന് വണ്‍ ഡൗണ്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്ലിനെ ഒഴിവാക്കിയിരുന്നു. മത്സരത്തിലെ പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച രോഹിത് ശര്‍മ ബൗളിങ്ങില്‍ ഒരു അധിക ഓപ്ഷന്‍ വേണ്ടതുകൊണ്ടാണ് ഗില്ലിനെ മാറ്റി നിര്‍ത്തിയത് എന്ന് പറഞ്ഞിരുന്നു.

രോഹിതിന്റെ വിശദീകരണത്തെ വിമര്‍ശിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഒഴിവാക്കി എന്നതിന് ഒറ്റ അര്‍ത്ഥമേ ഉള്ളൂ എന്നും അത് തന്നെയാണ് രോഹിത് തുറന്ന് പറയാന്‍ മടിക്കുന്നു എന്നും ഹവാസ്‌കര്‍ പറഞ്ഞു.

ഗവാസ്‌കര്‍ രോഹിത്തിനെക്കുറിച്ച് പറഞ്ഞത്

‘ഗില്ലിന് പകരം എത്തിയ വാഷിങ്ടണ്‍ സുന്ദറിന് നിങ്ങള്‍ എത്ര ബൗളിങ് നല്‍കി? എന്ത് കോമ്പിനേഷനെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? ടീമിന്റെ ആവശ്യകത പൂര്‍ണ്ണമായും ശരിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പക്ഷെ ഗില്ലിനെ ഒഴിവാക്കിയതാണെന്ന് എന്തുകൊണ്ടാണ് രോഹിത്തിന് പറയാന്‍ പറ്റാത്തത്. ഡ്രോപ്പ് എന്ന് പറഞ്ഞാല്‍ പുറത്താക്കല്‍ തന്നെയാണ്,

രോഹിത് ഇതില്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. രോഹിത്തിന് ഓപ്പണര്‍ ആകാനും അതിനു വേണ്ടി രാഹുലിനെ മൂന്നാം നമ്പറില്‍ ഇറക്കാനുമാണ് ഗില്ലിനെ ഒഴിവാക്കിയത്. അത് തുറന്ന് സമ്മതിക്കാന്‍ പോലും രോഹിത്തിന് പറ്റുന്നില്ല. ടീം കോമ്പിനേഷന്‍ ആകെ പാളി. രോഹിത് പത്രസമ്മേളനത്തില്‍ അതൊന്നും പറഞ്ഞില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Sunil Gavaskar Criticize Rohit Sharma