| Tuesday, 13th August 2024, 6:18 pm

ഒളിമ്പിക് താരത്തെ വിമര്‍ശിക്കാന്‍ രോഹിത് ശര്‍മയുടെ വാക്കുകള്‍ കടമെടുത്ത് സുനില്‍ ഗവാസ്‌കര്‍; 'ഗാര്‍ഡന്‍ മേം ഘൂമ്‌നേ വാലാ'

സ്പോര്‍ട്സ് ഡെസ്‌ക്

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ബാഡ്മിന്റണ്‍ താരം ലക്ഷ്യ സെന്‍. പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ചെങ്കിലും മെഡല്‍ നേടാന്‍ സാധിക്കാതെ പുറത്താവുകയായിരുന്നു. സെമിയില്‍ വിക്ടര്‍ ആക്‌സല്‍സണെതിരെ പരാജയപ്പെട്ട താരം വെങ്കലമെഡല്‍ പോരാട്ടത്തില്‍ സി ജിയയോടും പരാജയപ്പെട്ടു.

ലക്ഷ്യയുടെ പരാജയത്തിന് പിന്നാലെ മുന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണ്‍ താരത്തെ വിമര്‍ശിച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം താരങ്ങള്‍ തന്നെ ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പിന്തുണയും അവര്‍ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ റിസള്‍ട്ടുണ്ടാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ലെന്നും പദുകോണ്‍ കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ പദുകോണിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പദുകോണിനെ പിന്തുണയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

മത്സരത്തിനിടെ ലക്ഷ്യ സെന്നിന് ഏകാഗ്രത നഷ്ടപ്പെട്ടെന്നും മനസ് മറ്റെവിടെയോ ആയിരുന്നുവെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചു. സ്‌പോര്‍ട്‌സ് സ്റ്റാറിലെഴുതിയ കോളത്തിലാണ് താരം ലക്ഷ്യ സെന്നിനെതിരെ വിമര്‍ശനമുന്നയിച്ചത്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ‘ഗാര്‍ഡന്‍ മേം ഘൂമ്‌നേ വാലാ’ എന്ന വാക്കുകള്‍ കടമെടുത്താണ് ഗവാസ്‌കര്‍ ലക്ഷ്യയെ വിമര്‍ശിച്ചത്.

‘2017-18 കാലഘട്ടത്തില്‍ പ്രകാശ് പദുകോണ്‍ എന്നോട് ലക്ഷ്യ സെന്നിനെ കുറിച്ച് പറഞ്ഞിരുന്നു. അപ്പോള്‍ പദുകോണ്‍ അവനെ ഗൈഡ് ചെയ്യുകയായിരുന്നു. അവന്റെ വളര്‍ച്ച പദുകോണ്‍ കണ്ടിട്ടുണ്ട്.

ഒളിമ്പിക്‌സില്‍ ലക്ഷ്യ സെന്‍ കളിക്കുമ്പോള്‍ കോര്‍ട്ടിന്റെ അരികില്‍ തന്നെ പ്രകാശ് പദുകോണും വിമല്‍ കുമാറുമുണ്ടായിരുന്നു. ലക്ഷ്യയുടെ മാത്രം സ്വപ്നമായിരുന്നില്ല അത് ഇന്ത്യയിലെ എല്ലാ ബാഡ്മിന്റണ്‍ പ്രേമികളുടെയുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് അവരുടെ ആവേശം.

സെമിയിലും വെങ്കലത്തിനായുള്ള മത്സരത്തിലും ലീഡ് നേടിയ ശേഷം തോല്‍ക്കുക എന്ന് പറഞ്ഞാല്‍ മനസ് മടുക്കുന്ന കാര്യമാണ്. പ്രകാശ്, വിമല്‍ കുമാര്‍, ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, സര്‍ക്കാര്‍ എന്നിവരെല്ലാം ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു.

എന്നാല്‍ അവസാനമെത്തിയപ്പോള്‍ ലക്ഷ്യ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞതു പോലെ ‘ഗാര്‍ഡന്‍ മേം ഘൂമ്‌നേ വാലാ’ (പൂന്തോട്ടത്തില്‍ അലയുന്ന ഒരാള്‍) ആയി മാറി,’ ഗവാസ്‌കര്‍ എഴുതി.

സെമിയില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സണെതിരെ 20-17, 7-0 എന്നിങ്ങനെ ലീഡ് നേടിയതിന് ശേഷമായിരുന്നു ലക്ഷ്യ സെന്‍ തോല്‍വി വഴങ്ങിയത്.

വെങ്കല മെഡല്‍ മത്സരത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മത്സരത്തില്‍ ആദ്യ സെറ്റ് സെന്‍ വിജയിച്ചിരുന്നു. രണ്ടാം സെറ്റില്‍ 8-3ന്റെ ലീഡ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. മൂന്നാം സെറ്റും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും ഇല്ലാതായി.

Content Highlight: Sunil Gavaskar criticize Lakshya Sen

We use cookies to give you the best possible experience. Learn more