| Friday, 29th December 2023, 12:07 pm

നിങ്ങള്‍ എന്തുകൊണ്ട് പരിശീലനമത്സരം കളിച്ചില്ല? ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് സൗത്ത് ആഫ്രിക്കക്കെതിരെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 32 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.

സീരിസ് തുടങ്ങുന്നതിനു മുമ്പുള്ള പരിശീലന മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും ഇന്‍ട്രാ-സ്‌ക്വാഡ് മത്സരം കളിക്കുകയും ചെയ്തതിനെതിരെയായിരുന്നു ഗവാസ്‌കറിന്റെ വിമര്‍ശനം.

‘ഇന്‍ട്രാ സ്‌ക്വാഡ് മത്സരങ്ങള്‍ക്ക് പകരം നിങ്ങള്‍ കൂടുതലായും പരിശീലന മത്സരങ്ങള്‍ കളിക്കണം. ആ മത്സരങ്ങളില്‍ പേസര്‍മാര്‍ ഒരിക്കലും അവരുടെ പൂര്‍ണ്ണശേഷിയില്‍ പന്തെറിയില്ല. ഇത് പരിശീലനത്തിന്റെ ഗുണനിലവാരത്തെ നന്നായി ബാധിക്കും. ടീമിലെ ബാറ്റര്‍മാര്‍ക്ക് പരിക്കേല്‍ക്കും എന്ന് ഭയമുള്ളതിനാല്‍ ബൗളര്‍മാര്‍ അവര്‍ക്കെതിരെ വലിയ ബൗണ്‍സറുകള്‍ എറിയുമോ എന്നാണ് ഞാന്‍ ചോദിക്കുന്നത്.

വെറും ഏഴു ദിവസത്തെ ഇടവേളകളില്‍ മാത്രം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമ്പോള്‍ നിങ്ങള്‍ സൗത്ത് ആഫ്രിക്ക എ ടീമിനെതിരെയോ കൗണ്ടിയില്‍ കളിക്കുന്ന മറ്റു ടീമുകള്‍ക്കെതിരെയോ കളിക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ജോലിഭാരം എന്ന വാക്ക് ഒഴിവാക്കണം,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 245 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി കെ.എല്‍. രാഹുല്‍ 137 പന്തില്‍ 101 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്കായി ഡീന്‍ എല്‍ഗര്‍ 185 റണ്‍സും മാര്‍ക്കോ ജാന്‍സന്‍ 84 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക 408 റണ്‍സ് നേടുകയായിരുന്നു.

രണ്ടാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ നാന്ദ്ര ബര്‍ഗര്‍ നാല് വിക്കറ്റും മാര്‍ക്കോ ജാക്സന്‍ മൂന്നു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റില്‍ 32 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

ജനുവരി മൂന്നിനാണ് രണ്ടാം ടെസ്റ്റ് നടക്കുക. ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Sunil Gavaskar criticize Indian cricket team.

We use cookies to give you the best possible experience. Learn more