| Monday, 21st October 2024, 6:26 pm

ഐ.പി.എല്‍ തുടങ്ങിയത് മുതല്‍ രഞ്ജി ട്രോഫി പിന്നിലാണ്; ബി.സി.സി.ഐക്കെതിരെ കനത്ത വിമര്‍ശനവുമായി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി അടുത്ത മാസം നടക്കാനിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക. എന്നാല്‍ മത്സരത്തിന് മുമ്പേ ഇന്ത്യയ്ക്ക് സൗത്ത് ആഫ്രിക്കയോടുള്ള ടി-20 പരമ്പര നവംബര്‍ എട്ടിന് ആരംഭിക്കാനിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയുടെ ആഭ്യന്തര മത്സരമായ രഞ്ജി ട്രോഫി മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റ് പര്യടനങ്ങള്‍ കാരണം ഒരുപാട് താരങ്ങള്‍ക്ക് ആഭ്യന്തരമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബി.സി.സി.ഐക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ആഭ്യന്തര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ പര്യടനങ്ങള്‍ ക്രമീകരിക്കുന്ന ബോര്‍ഡിന്റെ നിലപാടിനെ ക്കുറിച്ച് സ്‌പോര്‍ട് സ്റ്റാറിലെ തന്റെ കോളത്തില്‍ എഴുതുകയായിരുന്നു മുന്‍ താരം.

ഗവാസ്‌കര്‍ പറഞ്ഞത്

‘ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് സൗത്ത് ആഫ്രിക്കയ്ക്കെതിരെ നാല് ടി-20 മത്സരങ്ങള്‍ ആവശ്യമില്ല. ഇന്ത്യ എ ഓസ്ട്രേലിയയിലും കളിക്കും, അതിനാല്‍ രഞ്ജി ട്രോഫിയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ അവരുടെ സംസ്ഥാന ടീമുകള്‍ക്കായി ലഭ്യമാകില്ല,

മറ്റുള്ള വലിയ ക്രിക്കറ്റ് ബോര്‍ഡുകളൊന്നും ഇന്ത്യയെപ്പോലെ ദേശീയ ടൂര്‍ണമെന്റിന് മുന്‍ഗണന നല്‍കുന്നില്ല. ഇംഗ്ലണ്ടും ഓസ്ട്രേലിയയും അവരുടെ എ ടീമുകളുടെ പര്യടനങ്ങളോ മറ്റ് പരമ്പരകളോ അവരുടെ ആഭ്യന്തര സീസണില്‍ ക്രമീകരിക്കുന്നില്ല. ഐ.പി.എല്‍ തുടങ്ങിയത് മുതല്‍ രഞ്ജി ട്രോഫി പിന്നിലാണ്. അടുത്ത സീസണില്‍ നിന്ന് കാര്യങ്ങള്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു,’ ഗവാസ്‌കര്‍ സ്പോര്‍ട്സ് സ്റ്റാറിനായുള്ള തന്റെ കോളത്തില്‍ എഴുതി.

അതേസമയം ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ കിവീസ് 402 റണ്‍സ് നേടി ഓള്‍ ഔട്ട് ആയെങ്കിലും വമ്പന്‍ ലീഡ് നേടുകയായിരുന്നു.

തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് മടങ്ങിയപ്പോള്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കുന്നത്.

Content Highlight: Sunil Gavaskar Criticize B.C.C.I

We use cookies to give you the best possible experience. Learn more