ക്രിക്കറ്റ് ലെജന്‍ഡ് സുനില്‍ ഗവാസ്‌കര്‍ ഇന്ന് 74ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍ എന്നതിലുപരി കമന്റേറ്റര്‍, ക്രിക്കറ്റ് അനലിസ്റ്റ് എന്ന നിലയിലും അദ്ദേഹം പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്.
1987ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഇന്നും അദ്ദേഹം ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ്. ക്രിക്കറ്റിലെ പല അപൂര്‍വ നേട്ടങ്ങളും സ്വന്തമാക്കിയ ഗവാസ്‌കറിന്റെ പല റെക്കോഡുകളും ഇന്നും തകര്‍ക്കപ്പെടാതെ തുടരുകയാണ്. അത്തരത്തിലൊന്നാണ് അദ്ദേഹത്തിന്റെ ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ്.
ഓപ്പണറുടെ റോളില്‍ ഇറങ്ങി ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഗവാസ്‌കര്‍ ഇന്നും ഒന്നാമനാണ്. പാഡഴിച്ച് 36 വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ഡോമിനേഷന് ഒരു കോട്ടവും തട്ടാതെ ആ റെക്കോഡ് നേട്ടം ഇന്നും ഒന്നാമതായി തുടരുകയാണ്.
ഇതിന് പുറമെ ഓപ്പണറുടെ റോളില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരം എന്ന റെക്കോഡും ഗവാസ്‌കറിന് അവകാശപ്പെട്ടതാണ്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക് മാത്രമാണ് പട്ടികയില്‍ ഗവാസ്‌കറിന് മുമ്പിലുള്ളത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 9,607 റണ്‍സ് നേടിയാണ് ഗവാസ്‌കര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത്. രണ്ടാമനായ മുള്‍ട്ടാനിലെ സുല്‍ത്താന്‍ വിരേന്ദര്‍ സേവാഗിനേക്കാള്‍ ആയിരത്തിലധികം റണ്‍സ് നേടിയാണ് താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിസ്റ്റില്‍ നാലാമനായി ഇടം പിടിച്ചത് സൂപ്പര്‍ മുരളി വിജയ് ആണ്.
ഇതിന് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്നും ഗവാസ്‌കര്‍ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. 81 ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമാണ് ലിറ്റില്‍ മാസ്റ്റര്‍ ഒന്നാമനായി തുടരുന്നത്.