ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ നൂറടിച്ചുകൊണ്ടാണ് വിരാട് തന്റെ ഏറെ നാളുകളായുള്ള സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. 143 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ താരത്തിന്റെ 31ാം സെഞ്ച്വറിയും അന്താരാഷ്ട്ര തലത്തിലെ 81ാം സെഞ്ച്വറിയുമായിരുന്നു അത്.
തൊട്ടുമുമ്പ് നടന്ന ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാടിന്റെ ബാറ്റിങ് ആരാധകരെ പാടെ നിരാശരാക്കിയിരുന്നു. ശരാശരിക്കും താഴെയായിരുന്നു വിരാടിന്റെ പ്രകടനമെന്ന് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടെയാണ് താരം പെര്‍ത്ത് ടെസ്റ്റില്‍ നല്‍കിയത്.
വിരാടിന്റെ പ്രകടനത്തെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.
റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ച് എന്നിവര്‍ പരാജയപ്പെടുമ്പോള്‍ അവരെ വിമര്‍ശിക്കുന്നതെങ്ങനെയോ, അതുപോലെയാണ് സെഞ്ച്വറി നേടാതിരിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശിക്കുന്നതെന്നും സണ്ണി പറഞ്ഞു.
‘റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ദ്യോക്കോവിച്ച് ഇവര്‍ മികച്ച താരങ്ങളാണെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവര്‍ ഏതെങ്കിലും ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ ഫോമിലല്ല എന്നാണ് ആളുകള്‍ പറയും. എന്നാല്‍ മറ്റേതെങ്കിലും താരമാണ് സെമിയില്‍ പ്രവേശിക്കുന്നതെങ്കില്‍ അവരെ എല്ലായ്‌പ്പോഴും പ്രശംസിക്കുകയും ചെയ്യും. എന്നാല്‍ എക്കാലത്തെയും മികച്ച ഈ മൂന്ന് താരങ്ങള്‍ക്ക് ആ പ്രശംസ ലഭിക്കുന്നില്ല.
വിരാട് കോഹ്‌ലിയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളടിക്കുന്നതാണ് നമ്മള്‍ കാണാറുള്ളത്. എന്നാല്‍ ഈ മത്സരങ്ങളില്‍ സെഞ്ച്വറി നേടാതിരിക്കുമ്പോഴെല്ലാം അവനെതിരെ വിമര്‍ശനമുയരാറുണ്ട്.
70ഓ 80ഓ റണ്‍സ് നേടുമ്പോഴും, മിക്ക താരങ്ങളും ഈ സ്‌കോറില്‍ സന്തോഷിക്കുന്നവരാണ്, വിരാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ആളുകള്‍ പറയും അവന്‍ ഫോം ഔട്ടാണെന്ന്,’ ഗവാസ്‌കര്‍ പറയുന്നു.
വിരാടിന് പുറമെ പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജെയ്‌സ്വാളും തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. കെ.എല്‍. രാഹുലും ഇന്ത്യക്കായി ബാറ്റിങ്ങില്‍ തിളങ്ങി.
ഇവരുടെ കരുത്തില്‍ 535 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്തിയ ഇന്ത്യ ബുംറയുടെയും സംഘത്തിന്റെയും ബൗളിങ് കരുത്തില്‍ അനായാസം വിജയിച്ചുകയറുകയായിരുന്നു.
പെര്‍ത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്കായി. ഡിസംബര്‍ ആറിനാണ് പരമ്പരയിലെ രണ്ടാം മത്സരം. അഡ്ലെയ്ഡാണ് വേദി.
Content Highlight: Sunil Gavaskar backs Virat Kohli