ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിന്റെ പരാജയത്തിന് പിന്നാലെ മുന്‍ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുകോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
പാരീസ് ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നും ഇന്ത്യക്ക് ഒറ്റ മെഡല്‍ പോലും നേടാന്‍ സാധിച്ചിരുന്നില്ല. 2008ലെ ബീജിങ് ഒളിമ്പിക്‌സ് മുതല്‍ 2020 ടോക്കിയോ ഒളിമ്പിക്‌സ് വരെ ഇന്ത്യക്ക് ബാഡ്മിന്റണ്‍ കോര്‍ട്ട് എല്ലായ്‌പ്പോഴും മെഡല്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിന് സാധിക്കാതെ വന്നതോടെയാണ് പദുകോണ്‍ താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടാണ് ലക്ഷ്യ സെന്‍ മെഡലില്ലാതെ പാരീസില്‍ നിന്നും മടങ്ങിയത്. സെമിയില്‍ വിക്ടര്‍ ആക്‌സല്‍സെന്നിനോട് പരാജയപ്പെട്ട സെന്‍, ബ്രോണ്‍സ് മെഡല്‍ മാച്ചില്‍ സി ജിയയോടും പരാജയപ്പെട്ടു.
ജിയക്കെതിരായ മത്സരത്തില്‍ ആദ്യ സെറ്റ് സെന്‍ വിജയിച്ചിരുന്നു. രണ്ടാം സെറ്റില്‍ 8-3ന്റെ ലീഡ് നേടിയ ശേഷമായിരുന്നു സെന്‍ പരാജയപ്പെട്ടത്. മൂന്നാം സെറ്റും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും ഇല്ലാതായി.
ഇതിന് പിന്നാലെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം താരങ്ങള്‍ തന്നെ ഏറ്റെടുക്കണെന്ന് പദുകോണ്‍ പറഞ്ഞത്. സര്‍ക്കാര്‍ എല്ലാ വിധത്തിലുള്ള പിന്തുണയും അവര്‍ക്ക് നല്‍കുന്നുണ്ടെന്നും എന്നാല്‍ റിസള്‍ട്ടുണ്ടാക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചില്ലെന്നും പദുകോണ്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് പിന്നാലെ അശ്വിനി പൊന്നപ്പയടക്കമുള്ളവര്‍ പാദുകോണിനെതിരെ രംഗത്തെത്തി.
ഈ വിഷയത്തില്‍ പദുകോണിനെ പിന്തുണയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ്റ്റാറിലെ തന്റെ കോളത്തിലാണ് ഗവാസ്‌കര്‍ പദുകോണിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച താരമാണ് പദുകോണ്‍ എന്നാണ് ഗവാസ്‌കര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ഇതിന് പിന്നാലെ ഇന്ത്യന്‍ സംഘം എക്‌സ്‌ക്യൂസുകള്‍ കണ്ടെത്താന്‍ മിടുക്കരാണെന്നും ഒളിമ്പിക്‌സില്‍ അതൊരു ഇനമാക്കുകയാണെങ്കില്‍ ഇന്ത്യ ഉറപ്പായും സ്വര്‍ണം നേടുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഓരോ കായിക താരങ്ങള്‍ക്കും അതാത് ഫെഡറേഷനുകളുടെയും സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഇക്കാരണം കൊണ്ടുതന്നെ ഓരോരുത്തരും അവരുടെ പ്രകടനങ്ങളുടെ ഉത്തരവാദിത്തമേറ്റൈടുക്കണമെന്നുള്ള പാദുകോണിന്റെ പ്രസ്താവന വളരെ കൃത്യമായി നിര്‍മിച്ചതും വ്യക്തമാക്കിതാണെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഇത് ആരെയും പ്രത്യേകമായി ഉദ്ദേശിച്ചിട്ടല്ല പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അവസാന രണ്ട് മത്സരങ്ങളില്‍ ലക്ഷ്യ സെന്നിന് ഏകാഗ്രത നഷ്ടപ്പെട്ടുവെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ‘ഗാര്‍ഡന്‍ മേം ഘൂമ്‌നേ വാലാ’ (പൂന്തോട്ടത്തില്‍ വെറുതെ നടക്കാനിറങ്ങുന്നവന്‍) എന്ന രോഹിത് ശര്‍മയുടെ പ്രയോഗം ഉദ്ധരിച്ചുകൊണ്ടാണ് ഗവാസ്‌കര്‍ ലക്ഷ്യ സെന്നിനെ വിമര്‍ശിച്ചത്.
ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ ഹോക്കി ടീമിനെയും പി.ആര്‍. ശ്രീജേഷിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Content highlight: Sunil Gavaskar backs Prakash Padukone, says ‘India will win medal for making excuses’