| Thursday, 13th April 2023, 5:08 pm

വെറുതെ എ.സിയില്‍ ഇരിക്കുകയല്ലാതെ അവന്‍ എന്താണ് ടീമിന് വേണ്ടി ചെയ്തത്? വിമര്‍ശനവുമായി ക്രിക്കറ്റ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാനോട് പരാജയപ്പെടാനായിരുന്നു മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരുടെ വിധി. സ്വന്തം തട്ടകത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മൂന്ന് റണ്‍സിനായിരുന്നു ധോണിപ്പട മത്സരം അടിയറ വെച്ചത്.

ടോസ് നേടിയ ചെന്നൈ നായകന്‍ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയും ആര്‍. അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ഇന്നിങ്‌സുമാണ് രാജസ്ഥാനെ മാന്യമായ സ്‌കോറിലേക്കെത്തിച്ചത്. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ചെന്നൈക്കായി ഡെവോണ്‍ കോണ്‍വേ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അവസാന ഓവറില്‍ വെടിക്കെട്ടുമായി ധോണിയും ജഡേജയും വിജയത്തിനായി അവസാന പന്ത് വരെ പോരാടിയെങ്കിലും 20ാം ഓവറില്‍ സന്ദീപ് ശര്‍മയോട് തോറ്റുപോവുകയായിരുന്നു.

മത്സരത്തില്‍ എട്ടാമനായിട്ടായിരുന്നു ധോണി കളത്തിലിറങ്ങിത്. ആറാമതായി അംബാട്ടി റായിഡു ആയിരുന്നു കളത്തിലിറങ്ങിയത്. ഇംപാക്ട് പ്ലെയറായിട്ടായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് റായിഡുവിനെ അവതരിപ്പിച്ചത്.

എന്നാല്‍ താരം പാടെ പരാജയപ്പെടുകയായിരുന്നു. രണ്ട് പന്ത് നേരിട്ട് ഒറ്റ റണ്‍സ് മാത്രം നേടിയാണ് റായിഡു പുറത്തായത്. യൂസ്വേന്ദ്ര ചഹലിന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിന് ക്യാച്ച് നല്‍കിയായിരുന്നു റായിഡു മടങ്ങിയത്.

മത്സരത്തില്‍ ധോണി കൈക്കൊണ്ട ഏറ്റവും മോശം തീരുമാനമായിരുന്നു തന്നെക്കാള്‍ മുമ്പ് റായിഡുവിനെ കളത്തിലിറക്കിയതെന്നും ധോണി നേരത്തെ കളത്തിലിറങ്ങണമായിരുന്നു എന്നും അഭിപ്രായപ്പെടുകയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ഭജന്‍ സിങ്ങും. ധോണി കൂടുതല്‍ പന്ത് കളിക്കണമായിരുന്നു എന്നും അവര്‍ പറഞ്ഞു.

‘മത്സരങ്ങള്‍ വിജയിക്കാന്‍ ധോണി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ തയ്യാറാകണം. അംബാട്ടി റായിഡുവിന്റെ സ്ഥാനത്ത് അവന്‍ കളത്തിലിറങ്ങണമായിരുന്നു. റായിഡു ഒന്നും ചെയ്തിട്ടില്ല. മത്സരത്തിന്റെ മിക്ക സമയത്തും അവന്‍ എ.സിയില്‍ ഇരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ധോണി വളരെയധികം നേരം ക്രീസില്‍ ചെലവഴിക്കാന്‍ തയ്യാറാകണം,’ എന്നായിരുന്നു സുനില്‍ ഗദവാസ്‌കര്‍ പറഞ്ഞത്.

‘എന്തുകൊണ്ട് എം.എസ്. ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല? ഐ.പി.എല്ലില്‍ ഇത്തരം മത്സരങ്ങള്‍ ജയിക്കണമെങ്കില്‍ അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്യണം,’ ഹര്‍ഭജന്‍ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെ ചെന്നൈ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയുമായി നാല് പോയിന്റാണ് ചെന്നൈക്കുള്ളത്.

Content Highlight: Sunil Gavaskar and Harbhajan Singh criticize Dhoni

We use cookies to give you the best possible experience. Learn more