| Tuesday, 6th September 2022, 11:09 am

മോട്ടിവേഷന്‍ മെസേജാണോ നീ ഉദ്ദേശിച്ചത്... ക്യാപ്റ്റനല്ലെങ്കില്‍ പിന്നെ എന്തിനാടോ മോട്ടിവേഷന്‍; വിരാടിനെതിരെ വീണ്ടും ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മാച്ചിന് ശേഷം വിരാട് കോഹ്‌ലി പ്രസ് മീറ്റില്‍ സംസാരിച്ചത് ക്രിക്കറ്റ് ആരാധകര്‍ നെഞ്ചോട് ചേര്‍ത്തെങ്കിലും പലര്‍ക്കും അതത്ര പിടിച്ചിട്ടില്ല. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവായപ്പോള്‍ കൂടെ കളിച്ചവരില്‍ എം.എസ്. ധോണി മാത്രമേ തനിക്ക് മെസേജ് അയച്ചുള്ളുവെന്ന വാക്കുകളാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

നേരത്തെ തന്നെ കോഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവും ചില കൈവിട്ട കമന്റുകളുമൊക്കെയായി എത്തിയ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ തന്റെ അമര്‍ഷം വെളിവാക്കി രംഗത്തുവന്നിട്ടുണ്ട്. മെസേജ് അയക്കാത്തത് ആരാണെന്ന് കൂടി കോഹ്‌ലി വെളിപ്പെടുത്തണമെന്ന് പറഞ്ഞ ഗവാസ്‌കര്‍ എന്ത് മെസേജായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും ചോദിച്ചു.

‘ഈയൊരു വ്യക്തിയേ മെസേജ് അയച്ചുള്ളുവെന്ന് പറയുമ്പോള്‍ ആരാണ് മെസേജ് അയക്കാത്തതെന്ന് കൂടി പറയണം. എന്നാലല്ലേ അതൊരു ന്യായമാകുകയുള്ളു. അല്ലെങ്കില്‍ മറ്റുള്ളവരാരും മെസേജ് അയച്ചില്ലായെന്നല്ലേ വിചാരിക്കുക,’ ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

കോഹ്‌ലിയുടെ വാര്‍ത്താസമ്മേളനത്തെ കുറിച്ച് സ്‌പോര്‍ട്‌സ് തകിന് നല്‍കിയ മറുപടിയിലാണ് മെസേജിന്റെ സ്വഭാവത്തെ കുറിച്ച് ഗവാസ്‌കര്‍ സംസാരിച്ചത്. ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാകുമ്പോഴാണ് ഒരു കളിക്കാരന് തന്റെ കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘എന്ത് മെസേജാണാവോ അവന്‍ കാത്തിരുന്നത്? പ്രോത്സാഹനവും പ്രചോദനവുമൊക്കെയാണോ? ക്യാപ്റ്റനല്ലെങ്കില്‍ പിന്നെയെന്തിനാണ് അതൊക്കെ. ആ ക്യാപ്റ്റന്‍സി അധ്യായം അന്ന് തന്നെ തീര്‍ന്നില്ലേ. ക്യാപ്റ്റനാകുമ്പോള്‍ സഹ കളിക്കാരെ കുറിച്ചും അവരുടെ ഗെയിമിനെ കുറിച്ചുമെല്ലാം ചിന്തിക്കണം. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമൊഴിവായാല്‍ പിന്നെ നിങ്ങളെന്ന ക്രിക്കറ്ററാണ് അവശേഷിക്കുന്നത്. അതിലാണ് ശ്രദ്ധിക്കേണ്ടത്.

1985ല്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടിയ ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവായപ്പോള്‍ ആരും എനിക്ക് സ്‌പെഷ്യല്‍ മെസേജൊന്നും അയച്ചിട്ടില്ല. അന്ന് രാത്രി ഞങ്ങളെല്ലാവരും ആഘോഷിച്ചു, കെട്ടിപ്പിടിച്ചു. ഇതില്‍ കൂടുതല്‍ എന്താണ് നീ പ്രതീക്ഷിക്കുന്നത്,’ ഗവാസ്‌കര്‍ ചോദിക്കുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം മികച്ച ഫോമിലേക്ക് വിരാട് തിരിച്ചെത്തിയതിന്റെ കൂടി പശ്ചാത്തലത്തില്‍ ധോണിയെ കുറിച്ചുള്ള വിരാടിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഏറെ നാളായി ഫോം ഔട്ടിന്റെ പേരില്‍ കേട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ വിരാട് നല്‍കിയത്.

മാച്ചില്‍ പാകിസ്ഥാന്‍ ജയിച്ചെങ്കിലും നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന വിരാടിന്റെ അര്‍ധ സെഞ്ച്വറിയും ടീമിനെ ഒറ്റക്ക് കരകയറ്റാന്‍ നടത്തിയ ശ്രമങ്ങളും കോഹ്‌ലിയുടെ തിരിച്ചുവരവിന്റെ ഗംഭീരസൂചനകളായിരുന്നു.

‘ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമൊഴിഞ്ഞപ്പോള്‍ ഒരേയൊരാള്‍ മാത്രമാണ് എനിക്ക് മെസേജ് അയച്ചത്. അയാളോടൊപ്പം ഞാന്‍ കളിച്ചിട്ടുണ്ട്. ആ വ്യക്തിയുടെ പേര് എം.എസ് ധോണിയെന്നാണ്. പലരുടെയും കയ്യില്‍ എന്റെ നമ്പറുണ്ട്. പലരും എനിക്ക് പല നിര്‍ദേശങ്ങളും തരാറുണ്ട്. പക്ഷെ എം.എസ്. ധോണി മാത്രമാണ് എനിക്ക് അന്ന് മെസേജ് അയച്ചത്. മറ്റൊരാളും എനിക്ക് ടെക്സ്റ്റ് ചെയ്തില്ല. എന്നോടൊന്നും പറഞ്ഞുമില്ല.

ആരെങ്കിലും തമ്മില്‍ ആത്മാര്‍ത്ഥമായ കണക്ഷനും ബഹുമാനവുമുണ്ടെങ്കിലേ ഇതൊക്കെ ചെയ്യാനാകൂ. ആ രണ്ട് പേര്‍ തമ്മില്‍ പരസ്പരം ഒരു ആശങ്കയുമുണ്ടാകില്ല. എനിക്ക് ധോണിയില്‍ നിന്നും ഒന്നും കിട്ടാനില്ല. അദ്ദേഹത്തിന് എന്റെ അടുത്ത് നിന്നും ഒന്നും കിട്ടാനില്ല. എനിക്കൊരിക്കലും അദ്ദേഹത്തോടൊപ്പം കളിക്കുമ്പോള്‍ ഇന്‍സെക്യൂരിറ്റി തോന്നിയിട്ടില്ല. അദ്ദേഹത്തിനും എന്നോട് തിരിച്ചും അങ്ങനെ തന്നെയായിരുന്നു.

എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാന്‍ അവരോട് നേരിട്ട് പറയും. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും സജഷന്‍സ് പറയാനുണ്ടെങ്കില്‍, അതിനി ശരിക്കും എന്നെ സഹായിക്കാന്‍ വേണ്ടിയാണെങ്കിലും, നിങ്ങള്‍ അത് പോയി ടി.വിയിലിരുന്ന് ലോകം മുഴുവന്‍ കേള്‍ക്കും വിധമാണ് പറയുന്നതെങ്കില്‍, എനിക്ക് അതിനെ അങ്ങനെ വിലവെക്കാനാകില്ല,’ വിരാട് കോഹ്‌ലി പറഞ്ഞു.

Content Highlight: Sunil Gavaskar against Kohli again about his M S Dhoni text message remark

We use cookies to give you the best possible experience. Learn more