ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുലിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ രാഹുലിന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നുവെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
എന്നാല്‍ തരത്തെ കുറ്റപ്പെടുത്തുമ്പോഴും ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുലിന്റെ ആദ്യ മത്സരമാണെന്നും വരും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ് ആത്മവിശ്വാസം നല്‍കാനും ഗവാസ്‌കര്‍ ശ്രമിക്കുന്നുണ്ട്.
‘നായകന്‍ എന്ന നിലയില്‍ രാഹുല്‍ തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ടു തന്നെ അടുത്ത രണ്ട് മത്സരങ്ങളിലും കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും ആദ്യ മത്സരത്തില്‍ രാഹുലിന്റെ ബൗളിംഗ് മാറ്റങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
മിഡ് ഓവറുകളില്‍ ബവുമയും ഡസനും മികച്ച പാര്‍ട്‌നര്‍ഷിപ്പ് പടുത്തുയര്‍ത്തിയപ്പോള്‍ ബുംറയ്ക്കും ഭുവനേശ്വറിനും കൂടുതല്‍ ഓവറുകള്‍ നല്‍കാന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ രാഹുല്‍ തയ്യാറാവണമായിരുന്നു,’ ഗവാസ്‌കര്‍ പറയുന്നു.
ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യരെക്കൊണ്ട് ബൗളിംഗ് പരീക്ഷിക്കണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ രാഹുല്‍ തന്ത്രങ്ങള്‍ വശമില്ലാത്ത നായകനെ പോലെ തോന്നിച്ചുവെന്നും ആരെക്കൊണ്ട് എവിടെ പന്തെറിയിപ്പിക്കണം എന്ന ധാരണ രാഹുലിന് ഉണ്ടായിരുന്നില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.
‘ഭുവനേശ്വറിനെയും ബുംറയെയും പോലെ പരിചയ സമ്പന്നരായ രണ്ട് ഡെത്ത് ഓവര്‍ ബൗളര്‍മാരുള്ളപ്പോള്‍ അവസാന അഞ്ചോ ആറോ ഓവര്‍ അവര്‍ക്കായി മാറ്റിവെക്കണമായിരുന്നു.
അതുവഴി എതിരാളികള്‍ അവസാന ഓവറുകളില്‍ ആഞ്ഞടിക്കുന്നത് തടയാമായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ രാഹുലിന്റെ തുടക്കമായതുകൊണ്ടാവാം. അടുത്ത മത്സരങ്ങളില്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം,’ ഗവാസ്‌കര്‍ പറഞ്ഞു.
ബവുമയുടെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 297 റണ്‍സിന്റെ വിജയ ലക്ഷ്യത്തിന് 31 റണ്‍സ് അകലെ ഇന്ത്യ കാലിടറി വീഴുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടിന് 265 എന്ന നിലയില്‍ ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.