|

അടുത്ത ലോകകപ്പിന് വിരാടിന്റെ സേവനം ആവശ്യമുണ്ടോ? ഗവാസ്‌കര്‍ പറയുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറിലെ ആദ്യ ഐ.പി.എല്‍ കിരീടമെന്ന സ്വപ്‌നം ബാക്കിയാക്കി വിരാട് കോഹ്‌ലിയും സംഘവും ഈ സീസണിനോട് വിട പറഞ്ഞിരിക്കുകയാണ്. അവസാന ലീഗ് ഘട്ട മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ആര്‍.സി.ബി ഐ.പി.എല്‍ 2023ല്‍ നിന്നും പുറത്തായത്.

കിരീടം ലഭിക്കാത്തതില്‍ ആരാധകര്‍ക്ക് ഏറെ നിരാശയുണ്ടെങ്കിലും വിരാട് കോഹ്‌ലിയുടെ മാസ്മരിക പ്രകടനം അവരെ ആവേശത്തിലാഴ്ത്തിയിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയാണ് വിരാട് കോഹ്‌ലി തരംഗം സൃഷ്ടിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ അവസാന മത്സരത്തിലും നൂറടിച്ചതോടെ ഐ.പി.എല്ലില്‍ വിരാട് ഏഴ് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് മറികടന്നാണ് വിരാട് ഒന്നാമതെത്തിയത്.

സീസണില്‍ കളിച്ച 14 മത്സരത്തില്‍ നിന്നും ആറ് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടെ 639 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്.

ലോകകപ്പ് ഇയറില്‍ വിരാട് കോഹ്‌ലിയുടെ മിന്നും ഫോം ആരാധകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്. ഒരു ദശാബ്ദമായി ഐ.സി.സി കിരീടം ഇല്ലാത്തതിന്റെ കുറവ് ഈ വര്‍ഷം അവസാനിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പിലും വിരാടിന്റെ ഫോം ക്രിക്കറ്റ് ലോകം കണ്ടതാണ്.

എന്നാല്‍ ടി-20യില്‍ യുവതാരങ്ങള്‍ ഉദിച്ചുയര്‍ന്നുവരുമ്പോള്‍ വിരാടിനെ പോലുള്ള സീനിയര്‍ താരങ്ങളുടെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്.

ടി-20 ഫോര്‍മാറ്റില്‍ വിരാടും രോഹിത്തും അടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശവുമായി ഇതിനോടകം തന്നെ പല ക്രിക്കറ്റ് അനലിസ്റ്റുകളും രംഗത്തെത്തിയിരുന്നു. 2024 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ സീനിയര്‍ താരങ്ങള്‍ ഉണ്ടാകരുതെന്നും ഇതില്‍ പലരും വിധിച്ചിരുന്നു.

വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍. 2024 ഐ.പി.എല്ലില്‍ വിരാടിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി മാത്രമേ ഇക്കാര്യം പറയാന്‍ സാധിക്കൂവെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെടുന്നത്.

‘ഐ.പി.എല്‍ 2024ന് ശേഷമുള്ള വിരാടിന്റെ ഫോം നിരീക്ഷിക്കണം. അതിനെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഈ ജൂണില്‍ ഒരു അന്താരാഷ്ട്ര ടി-20 ടൂര്‍ണമെന്റ് ഉണ്ടായിരുന്നെങ്കില്‍ വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നുതന്നെ ഞാന്‍ പറയും,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Sunil Gavaskar about Virat Kohli’s spot in 2024 T20 World Cup