| Tuesday, 27th February 2024, 12:40 pm

'ഒരുപക്ഷേ വിരാട് കോഹ്‌ലി ഐ.പി.എല്‍ കളിക്കില്ല'

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലി കളിക്കുമോ എന്നതില്‍ ആകാംക്ഷ പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ്‌ലി ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഗവാസ്‌കര്‍ ഇക്കാര്യത്തില്‍ തന്റെ കൗതുകം വ്യക്തമാക്കിയത്.

ഐ.ഐ.എം റാഞ്ചിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ഇന്ററാക്ഷനിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ഒരു ഇടവേളക്ക് ശേഷം വിരാട് ഐ.പി.എല്ലില്‍ എത്രത്തോളം മികച്ച രീതിയില്‍ റണ്‍ നേടുമെന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനായിരുന്നു ഗവാസ്‌കറിന്റെ മറുപടി.

‘അവന്‍ കളിക്കുമോ… ചില കാരണങ്ങളാല്‍ ഇപ്പോള്‍ അവന്‍ കളിക്കുന്നില്ല, ചിലപ്പോള്‍ അവന്‍ ഐ.പി.എല്ലിലും കളിച്ചെന്ന് വരില്ല. ചിലപ്പോള്‍ ഐ.പി.എല്ലും നഷ്ടമായേക്കും’ ഗവാസ്‌കര്‍ പറഞ്ഞു. ഗവാസ്‌കറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിരാടിന്റെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെയാണ് ഐ.പി.എല്‍ 2024ന് തുടക്കമാകുന്നത്. മാര്‍ച്ച് 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകമായ ചെപ്പോക്കിലാണ് മത്സരം.

നേരത്തെ, ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ വിരാടിനെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വിരാട് തീരുമാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് മുതല്‍ ടീമിനൊപ്പം ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും പരമ്പരയില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.

എന്നാല്‍ ഐ.പി.എല്ലിലില്‍ താരം തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നത്.

ഏപ്രില്‍ 6 വരെ അഞ്ച് മത്സരങ്ങളാണ് ആര്‍.സി.ബി കളിക്കുക.

vs ചെന്നൈ സൂപ്പര്‍ കിങ്‌സ് – മാര്‍ച്ച് 22 – എം.എ ചിദംബരം സ്റ്റേഡിയം

vs പഞ്ചാബ് കിങ്‌സ് – മാര്‍ച്ച് 25 – എം. ചിന്നസ്വമി സ്റ്റേഡിയം.

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – മാര്‍ച്ച് 29- എം. ചിന്നസ്വാമി സ്റ്റേഡിയം

vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – ഏപ്രില്‍ 2 – എം. ചിന്നസ്വാമി സ്റ്റേഡിയം.

vs രാജസ്ഥാന്‍ റോയല്‍സ് – ഏപ്രില്‍ 6 – സവായ് മാന്‍സിങ് സ്റ്റേഡിയം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, സൗരവ് ചൗഹാന്‍, സുയാഷ് പ്രഭുദേശായി, വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, മനോജ് ഭണ്ഡാഗെ, മായങ്ക് ഡാഗര്‍, സ്വപ്‌നില്‍ സിങ്, ടോം കറന്‍, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ആകാശ് ദീപ്, അല്‍സാരി ജോസഫ്, ഹിമാന്‍ശു ശര്‍മ, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്, രജന്‍ കുമാര്‍, റിസി ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, യാഷ് ദയാല്‍.

Content Highlight: Sunil Gavaskar about Virat Kohli playing IPL

We use cookies to give you the best possible experience. Learn more