ഇന്ത്യന്‍ യുവതാരം ഉമ്രാന്‍ മാലിക്കിനെ പ്രശംസ കൊണ്ടുമൂടി ക്രിക്കറ്റ് ലെജന്‍ഡും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍. സച്ചിന് ശേഷം മറ്റേതെങ്കിലും താരം ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ ഞാന്‍ ആവേശഭരിതനായി കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് ഉമ്രാന്‍ മാലിക് ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
സോണി ലിവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് ശേഷം ആരെങ്കിലും കളിക്കുന്നത് കാണാന്‍ ഞാന്‍ ഇത്രത്തോളം ആവേശഭരിതനായിട്ടുണ്ടെങ്കില്‍ അത് ഉമ്രാന്‍ മാലിക്കാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. തന്റെ പേസ് മികവിനാല്‍ ബംഗ്ലാദേശ് ബാറ്റര്‍മാരെ തടഞ്ഞുനിര്‍ത്താന്‍ ഉമ്രാന് സാധിച്ചിരുന്നു.
മുന്‍ ബംഗ്ലാദേശ് നായകനും ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളുമായ ഷാകിബ് അല്‍ ഹസനെ ബൗണ്‍സറുകള്‍കൊണ്ട് ഞെട്ടിക്കാനും ഉമാന് സാധിച്ചിരുന്നു. ഷാകിബിനെതിരെ മെയ്ഡിന്‍ ഓവര്‍ എറിഞ്ഞാണ് ഉമ്രാന്‍ താരത്തെ ഞെട്ടിച്ചത്.
ഉമ്രാന്റെ വന്യമായ വേഗതയും മത്സരത്തില്‍ പ്രകടമായിരുന്നു. അപകടകാരിയായ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ പുറത്താക്കിയായിരുന്നു ഉമ്രാന്‍ തുടങ്ങിയത്.
151 കിലോമീറ്റര്‍ വേഗതയിലുള്ള പന്തെറിഞ്ഞാണ് താരം ഷാന്റോയെ മടക്കിയത്. കശ്മീരി എക്സ്പ്രസിന്റെ വന്യമായ വേഗതക്ക് മുന്നില്‍ ഉത്തരമില്ലാതെ നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഷാന്റോക്ക് സാധിച്ചത്.
35 പന്തില്‍ നിന്നും 21 റണ്‍സ് നേടി നില്‍ക്കവെയാണ് ഉമ്രാന്‍ ഷാന്റോയെ പവലിയനിലേക്ക് തിരികെ പറഞ്ഞയക്കുന്നത്. താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയ ഉമ്രാന്റെ തകര്‍പ്പന്‍ ഡെലിവറിയില്‍ വിക്കറ്റ് വായുവില്‍ പമ്പരം പോലെ കറങ്ങുകയായിരുന്നു. ഉമ്രാന്റെ ബൗളിങ് കണ്ട ബംഗ്ലാ ആരാധകര്‍ക്ക് പോലും മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്.
ഷാന്റോക്ക് പുറമെ കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിന്റെ വിജയത്തിന് അടിത്തറയിട്ട മഹ്‌മദുള്ളയെയും ഉമ്രാന്‍ പുറത്താക്കിയിരുന്നു.
ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരം ഡിസംബര്‍ പത്തിന് നടക്കാനിരിക്കെ ഉമ്രാന്റെ വേഗത തന്നെയാകും ഇന്ത്യന്‍ പേസ് നിരക്ക് തുണയാവുക.