| Wednesday, 7th December 2022, 7:12 pm

പരിക്ക് നമുക്കറിയാവുന്നതിനേക്കാള്‍ ഗുരുതരം, മറ്റ് മത്സരങ്ങളെയോര്‍ത്ത് ആശങ്ക; രോഹിത് ശര്‍മയുടെ പരിക്കിനെ കുറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റതില്‍ ആശങ്കയറിയിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍. താരത്തിന്റെ പരിക്ക് നമുക്കറിയാവുന്നതിനേക്കാള്‍ ഗുരുതരമാണെന്നും പരമ്പരയിലെ മറ്റ് മത്സരങ്ങളെയോര്‍ത്ത് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പരിക്കേറ്റതിന് ശേഷം അദ്ദേഹത്തെ മൈതാനത്ത് കളിക്കാനിറങ്ങാത്തത് വലിയ തോതിലുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതായത് രോഹിത്തിന്റെ പരിക്ക് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ ഗുരുതരമാണെന്നതാണ് ആശങ്കക്കിടയാക്കുന്നത്.

നമുക്കിനിയും ഒരു ഏകദിനവും രണ്ട് ടെസ്റ്റ് മത്സരങ്ങളും കളിക്കാനുണ്ട്. അതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലയിലാവും ഈ മത്സരത്തില്‍ അവനെ ബാറ്റ് ചെയ്യാനിറക്കാത്തത്,’ ഗവാസ്‌കര്‍ പറയുന്നു.

ബംഗ്ലാദേശ് ഇന്നിങ്‌സിനിടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത് ശര്‍മയുടെ കയ്യില്‍ പന്തടിക്കുകയും താരത്തിന്റെ വിരലിന് പരിക്കേല്‍ക്കുകയും കയ്യില്‍ നിന്ന് ചോര പൊടിയുകയും ചെയ്തിരുന്നു. ഇതോടെ താരം ഫീല്‍ഡ് വിടുകയായിരുന്നു.

പരിശോധനകള്‍ക്കായി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു ബി.സി.സി.ഐ വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഇന്നിങ്‌സില്‍ താരം ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. വിരാട് കോഹ്‌ലിയായിരുന്നു രോഹിത് ശര്‍മക്ക് പകരക്കാരനായി കളത്തിലിറങ്ങിയത്.

അതേസമയം, ബംഗ്ലാദേശ് ഉയര്‍ത്തിയ 271 റണ്‍സ് ചെയ്‌സ് ചെയ്യുന്ന ഇന്ത്യക്ക് ആറാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. അര്‍ധ സെഞ്ച്വറി തികച്ച അക്‌സര്‍ പട്ടേലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. എദാബോത് ഹുസൈനാണ് അക്‌സറിനെ പുറത്താക്കിയത്.

നേരത്തെ, 82 റണ്‍സ് നേടിയ ശ്രേയസ് അയ്യരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. മെഹ്ദി ഹസനാണ് അയ്യര്‍-അക്‌സര്‍ കൂട്ടുകെട്ട് പൊളിച്ച് ബംഗ്ലാദേശിന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

നാല് വിക്കറ്റ് കയ്യലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 60 പന്തില്‍ നിന്നും 79 റണ്‍സാണ് ആവശ്യം.

Content Highlight: Sunil Gavaskar about Rohit Sharma’s injury

We use cookies to give you the best possible experience. Learn more