| Wednesday, 22nd November 2023, 2:21 pm

രോഹിത് ശര്‍മ അത്യാഗ്രഹിയോ? ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയിരുന്നു. തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ആറാം ഏകദിന കിരീടമാണ് ഓസ്‌ട്രേലിയ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കൈകളില്‍ നിന്നും മത്സരം കൈവിട്ടുതുടങ്ങിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പുറത്താകല്‍ മുതലാണ്. രോഹിത് കുറച്ചുസമയം കൂടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ മത്സരം വിജയിക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.

31 പന്തില്‍ 47 റണ്‍സ് നേടി നില്‍ക്കവെ രണ്ടാം വിക്കറ്റായാണ് രോഹിത് പുറത്തായത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് രോഹിത് പുറത്തായത്.

ടൂര്‍ണമെന്റിലുടനീളം പുറത്തെടുത്ത അറ്റാക്കിങ് സ്ട്രാറ്റജി തന്നെയാണ് രോഹിത് ഫൈനലിലും പുറത്തെടുത്തത്. എന്നാല്‍ മാക്‌സ്‌വെല്ലിന്റെ ഓവറില്‍ കൂടുതല്‍ റണ്‍സ് നേടണമെന്ന അത്യാഗ്രഹമാണോ പുറത്താകലിന് വഴിവെച്ചതെന്ന സംശയമാണ് ഗവാസ്‌കര്‍ ഉന്നയിച്ചത്.

ഇതിന് മുമ്പ് ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം രോഹിത് കുറച്ചുകൂടി ക്ഷമയോടെ കളിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ്റ്റാറിലെഴുതിയ കോളത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘300+ സ്‌കോര്‍ എന്ന ഇന്ത്യയുടെ മോഹങ്ങളില്ലാതാക്കിയത് ട്രാവിസ് ഹെഡിന്റെ തകര്‍പ്പന്‍ ക്യാച്ചാണ്. ആ ക്യാച്ചിലൂടെ പുറത്തായത് രോഹിത് ശര്‍മയാണ്. ലോകകപ്പില്‍ ഒരിക്കല്‍ക്കൂടി വേഗത്തില്‍ 40+ റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.

പവര്‍പ്ലേയുടെ അവസാന ഓവറിലായിരുന്നു ഈ പുറത്താകല്‍. 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് രണ്ട് ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ സാധിക്കൂ. ആ ഓവറില്‍ രോഹിത് ഇതിനോടകം തന്നെ ഒരു സിക്‌സറും ബൗണ്ടറിയും നേടിയിരുന്നു.

പവര്‍പ്ലേ അവസാനിക്കും മുമ്പ് കൂടുതല്‍ പന്തുകള്‍ മുതലെടുക്കാനായിരുന്നു രോഹിത് ശര്‍മയുടെ ശ്രമം. രോഹിത് അത്യാഗ്രഹിയായിരുന്നോ? ശുഭ്മന്‍ ഗില്‍ നേരത്തെ പുറത്തായതും കണക്കിലെടുത്ത് രോഹിത് അല്‍പം കൂടി ക്ഷമയോടെ കളിക്കണമായിരുന്നു,’ ഗവാസ്‌കര്‍ എഴുതി.

‘ഓസ്‌ട്രേലിയയുടെ അഞ്ചാം ബൗളറുടെ റോള്‍ എന്തായിരുന്നുവെന്ന് വ്യക്തമല്ല. അത് എന്തുതന്നെയായാലും ഈ സാഹചര്യത്തില്‍ അത് പൂര്‍ണമായും വിജയിച്ചു.

അത് ഇന്ത്യന്‍ നായകന്റെ അതിപ്രധാനമായ വിക്കറ്റ് നേടുക മാത്രമല്ല ചെയ്തത് മറിച്ച് കൂടുതല്‍ ജാഗ്രതയോടെ ഓസീസിന്റെ നോണ്‍ റെഗുലര്‍ ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു.

ഇതുകാരണം ഏറ്റവും കുറഞ്ഞത് 30 റണ്‍സെങ്കിലും നമുക്ക് നഷ്ടമായി. ഈ റണ്‍സ് മത്സരത്തിന്റെ ഫലത്തെ തന്നെ മാറ്റി മറിക്കുമോ എന്നത് ചര്‍ച്ചാവിഷയമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Sunil Gavaskar about Rohit Sharma

We use cookies to give you the best possible experience. Learn more