ടി-20 ലോകകപ്പില്‍ ഒക്ടോബര്‍ 23ന് നടക്കാനൊരുങ്ങുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും വിലയിരുത്തലുകളും അഭിപ്രായപ്രകടനങ്ങളും ചുറ്റിലും നിറയുകയാണ്. ഞായറാഴ്ച മെല്‍ബണിലെ ഗ്രൗണ്ടില്‍ ഇരു ടീമുകളും മത്സരത്തിനിറങ്ങുമ്പോള്‍ മെറിറ്റും ഡീമെറിറ്റുമാകാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വ്യാപകമായ ചര്‍ച്ച നടക്കുന്നുണ്ട്.
കഴിഞ്ഞ തവണ ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയിരുന്നത്. പിന്നീട് തുടരെ തോല്‍വികളുണ്ടായതോടെ ഗ്രൂപ്പ് സ്റ്റേജില്‍ വെച്ച് തന്നെ ഇന്ത്യയുടെ ആ ലോകകപ്പിലെ ഇന്നിങ്‌സ് അവസാനിച്ചു.
ഇക്കഴിഞ്ഞ ഏഷ്യാ കപ്പിലും പാകിസ്ഥാനോട് തോറ്റ് സൂപ്പര്‍ ഫോറില്‍ നിന്ന് പുറത്തുപോകാനായിരുന്നു ഇന്ത്യയുടെ വിധി. അതേസമയം ഏഷ്യാ കപ്പിലെ ആദ്യ ഘട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ലോകകപ്പിനേറ്റ പരാജയത്തിന് മറുപടി പറയാന്‍ കോപ്പുകൂട്ടിയാണ് ഇന്ത്യയെത്തിരിക്കുന്നത്. പാകിസ്ഥാനും മികച്ച പ്രകടനം നടത്തി കിരീടം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ഇതിനിടയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും പല പ്രധാന താരങ്ങളും പരിക്കിന്റെ പിടിയില്‍ പെട്ടിരുന്നു.
അതില്‍ ഒരു സൂപ്പര്‍താരം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് പാക് ക്യാമ്പ് ഇപ്പോള്‍. പാക് ടീമിന്റെ ഇടംകയ്യന്‍ പേസര്‍ ഷഹീന്‍ അഫ്രിദി ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ടീമിന് വലിയ മുന്‍തൂക്കം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
പരിക്കിനെ തുടര്‍ന്ന് നീണ്ട കാലം കളത്തിന് പുറത്തിരുന്ന ഷഹീന്‍ അഫ്രിദി അഫ്ഗാനിസ്ഥാനുമായുള്ള സന്നാഹമത്സരത്തില്‍ രണ്ട് വിക്കറ്റെടുത്തിരുന്നു. അതിവേഗതയോടെ പന്തെറിയുന്ന ഷഹീന്റെ മടങ്ങിവരവ് പാക് ക്യാമ്പിന് പുതിയ ഊര്‍ജം പകരുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍.
‘ഷഹീന്‍ അഫ്രിദിയുടെ ഫിറ്റ്‌നെസും പരിക്കുകളും അവന്‍ എങ്ങനെ കളിക്കുമെന്നതിനെ കുറിച്ചുള്ള ടെന്‍ഷനും തന്നെയായിരുന്നു പാകിസ്ഥാന്‍ ടീം നേരിട്ടിരുന്ന പ്രധാന ആശങ്കയെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ നടന്ന മത്സരത്തില്‍ എറിഞ്ഞ രണ്ട് ഓവറുകളിലൂടെ ആ ആശങ്കകളെല്ലാം ഷഹീന്‍ പരിഹരിച്ചിട്ടുണ്ട്.
ഫിറ്റ്‌നെസിലും ഫോമിലും താന്‍ മികച്ചുനില്‍ക്കുന്നുവെന്നാണ് ഷഹീന്‍ തെളിയിച്ചത്. അതുകൊണ്ട് തന്നെ പാകിസ്ഥാന്റെ ആ തലവേദന ഒഴിവായി. ഇംഗ്ലണ്ടുമായുള്ള മത്സരത്തിനേക്കാള്‍ ക്യാച്ചിങ്ങിന്റെ കാര്യത്തില്‍ അവര്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. ഗ്രൗണ്ട് ഫീല്‍ഡിങ്ങും നല്ലതായിരുന്നു.
ഇതോടെ പാക് ടീമിനെ ആശങ്കയിലാക്കിയിരുന്ന രണ്ട് കാര്യത്തിലും അവര്‍ ഏകദേശം പരിഹാരമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ നേരിടാനെത്തുന്ന പാകിസ്ഥാന്‍ ടീമിന് ലവലേശം ആശങ്ക കാണില്ല,’ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Content Highlight: Sunil Gavaskar about Pakistan team at T-20 World Cup