കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ടി-20 ലോകകപ്പിനുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ബാബര്‍ അസമിനെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ റിസര്‍വ് താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.
ലോകകപ്പിന് മുന്നോടിയായി വിരമിക്കല്‍ പിന്‍വലിച്ച മുഹമ്മദ് ആമിറിനെയും ഇമാദ് വസീമിനെയും പാകിസ്ഥാന്‍ സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ടീം മാനേജ്‌മെന്റുമായുള്ള പടലപ്പിണക്കങ്ങള്‍ക്ക് പിന്നാലെയാണ് പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മാനേജ്‌മെന്റിന്റെ തലപ്പത്ത് ‘തലമാറ്റ’മുണ്ടായതോടെ ആമിര്‍ വീണ്ടും പച്ച ജേഴ്‌സിയിലേക്കെത്തുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് ലോകത്ത് ആമിര്‍ സജീവമായിരുന്നു. അബുദാബി ടി-10 ലീഗിലും വിവിധ ടി-20 ടൂര്‍ണമെന്റുകളിലും നിറസാന്നിധ്യമായ ആമിര്‍ തന്റെ വജ്രായുധമായ ഇടംകയ്യിലൊളിപ്പിച്ച വേഗതയെ മൂര്‍ച്ച കുറയാതെ കാത്തു.
ഇതിനെല്ലാം പിന്നാലെയാണ് ആമിറിന് വീണ്ടും പാകിസ്ഥാന്‍ ടീമിലേക്കും ഇപ്പോള്‍ ലോകകപ്പ് ടീമിലേക്കുമുള്ള വിളിയെത്തിയിരിക്കുന്നത്.
ആമിര്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയതിന്റെ അത്ഭുതത്തിലാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ആമിര്‍ വിരമിക്കല്‍ പിന്‍വലിച്ച് ലോകകപ്പ് കളിക്കുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.
ജതിന്‍ സപ്രു ആമിറിന്റെ തിരിച്ചുവരവിനെ കുറിച്ച് പരാമര്‍ശിക്കവെയാണ് ഗവാസ്‌കര്‍ ഇക്കാര്യം ചോദിച്ചത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അവനിപ്പോഴും പാകിസ്ഥാന് വേണ്ടി കളിക്കുന്നുണ്ടോ? അവന്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നോ? ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അവന്‍ എല്ലാം അവസാനിപ്പിച്ചു എന്നാണ് ഞാന്‍ കരുതിയത്,’ ഗവാസ്‌കര്‍ പറഞ്ഞു.
വരാനിരിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാന്റെ പേസ് ബൗളിങ് യൂണിറ്റിലെ ഏറ്റവും മികച്ച കൂട്ടിച്ചേര്‍ക്കലുകളിലൊന്നാണ് ആമിറിന്റേത്. ഷഹീന്‍ ഷാ അഫ്രിദിയും നസീം ഷായും അടങ്ങുന്ന സ്‌ക്വാഡ് ആമിറിന്റെ വരവോടെ ഒന്നുകൂടി ശക്തിപ്പെടുമെന്നുറപ്പാണ്.
ടി-20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്
ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഇസ്മാന്‍ ഖാന്‍.