| Wednesday, 23rd August 2023, 3:43 pm

അവനെക്കുറിച്ച് പറയേണ്ട, ഇപ്പോഴുള്ള ടീമിനെ ഇഷ്ടമല്ലെങ്കില്‍ നീയൊന്നും കളി കാണേണ്ട; പൊട്ടിത്തെറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പല വിവാദങ്ങളും ഉടലെടുത്തിരുന്നു. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സൂര്യകുമാര്‍ യാദവും അന്താരാഷ്ട്ര തലത്തില്‍ ഇതുവരെ ഒറ്റ ഏകദിനം പോലും കളിക്കാതിരുന്ന തിലക് വര്‍മയും ടീമില്‍ ഇടം നേടിയത് ആരാധകര്‍ക്ക് അത്രകണ്ട് പിടിച്ചിരുന്നില്ല.

ഇതിന് പുറമെ പരിക്കില്‍ നിന്നും മടങ്ങിയെത്തിയ കെ.എല്‍. രാഹുലിനെയും ശ്രേയസ് അയ്യരെയും നേരിട്ട് ടൂര്‍ണമെന്റിന്റെ ഭാഗമാക്കിയതും ആരാധകര്‍ ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇത് ഇന്ത്യന്‍ ടീം ആണെന്നും വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സ് തക്കിന്റെ ലൈവ് ഷോയ്ക്കിടെയായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്. ടീമിനെ ഇഷ്ടമായില്ലെങ്കില്‍ ആരാധകര്‍ കളി കാണേണ്ടതില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അശ്വിനെ ഒഴിവാക്കിയതിനെ കുറിച്ച് ധാരാളം ആളുകള്‍ സംസാരിക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് പിന്നാലെയാണ് ഗവാസ്‌കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഭാഗ്യം തുണച്ചെന്ന് വിശ്വസിക്കുന്ന ചില താരങ്ങള്‍ ഉണ്ട്. പക്ഷേ ഇതിനോടകം തന്നെ ടീം സെലക്ട് ചെയ്തല്ലോ, അതുകൊണ്ട് അശ്വിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ത്തൂ, ഇത് ഇപ്പോള്‍ നമ്മുടെ ടീമാണ്.

നിങ്ങള്‍ക്ക് ടീമിനെ ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ കളി കാണേണ്ട ആവശ്യമില്ല. പക്ഷേ അവനെ ഉള്‍പ്പെടുത്തണമായിരുന്നു, ഇവന്‍ ടീമിനൊപ്പം വേണമായിരുന്നു എന്നൊക്കെ പറയാതിരിക്കൂ. ഇത് തെറ്റായ മനോഭാവമാണ്,’ ഗവാസ്‌കര്‍ പറഞ്ഞു.

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ സഞ്ജു സാംസണും യൂസ്വേന്ദ്ര ചഹലും ഇല്ലാത്തതിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും ഗവാസ്‌കര്‍ പങ്കുവെച്ചിരുന്നു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണ്‍ കൂടുതല്‍ റണ്‍സ് നേടിയിരുന്നെങ്കില്‍ അവന്‍ ഉറപ്പായും ടീമില്‍ സ്ഥാനം പിടിക്കുമായിരുന്നു. ചഹലിന്റെ കാര്യത്തിലും അത് തന്നെയാണ് പറയാനുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ ടീമിന്റെ ബാലന്‍സ് പ്രധാനമാണ്. ഫീല്‍ഡിങ്ങില്‍, ബാറ്റിങ്ങില്‍ തുടങ്ങി പല മേഖലകളും പരിഗണിച്ചാണ് സെലക്ടര്‍മാര്‍ സ്‌ക്വാഡ് സെലക്ട് ചെയ്യുന്നത്,’ ഗവാസ്‌കര്‍ പറഞ്ഞു.

ചഹലിന് സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജു സാംസണ്‍ ട്രാവലിങ് സ്റ്റാന്‍ഡ് ബൈ ആയി ടീമിനൊപ്പം സഞ്ചരിക്കും.

അതേസമയം, സെപ്റ്റംബര്‍ രണ്ടിന് ഏഷ്യ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കും. കാന്‍ഡിയിലെ പല്ലേക്കലെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ.

ട്രാവലിങ് സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍

Content Highlight: Sunil Gavaskar about Indian team and criticism

We use cookies to give you the best possible experience. Learn more