അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യയിപ്പോള്‍ നടത്തുന്നത്. 2023 ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ തന്നെ ഇന്ത്യക്ക് മേലുള്ള സമ്മര്‍ദ്ദവും ഏറെയാണ്.
ലോകകപ്പിന് മുമ്പായി ഇന്ത്യ തങ്ങളുടെ പര്യടനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലുള്ളത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലുമടക്കം പരാജയമായതോടെയാണ് ഇന്ത്യ മത്സരം അടിയറ വെച്ചത്. മത്സരത്തില്‍ വഴിത്തിരിവായത് വിക്കറ്റ് കീപ്പറായിരുന്ന കെ.എല്‍. രാഹുല്‍ മെഹിദി ഹസന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ്. ആ സിംപിള്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കുമായിരുന്നു.
മത്സരത്തിന് മിനിട്ടുകള്‍ മാത്രം മുമ്പാണ് ഇന്ത്യ റിഷബ് പന്തിനെ ടീമില്‍ നിന്നും പുറത്താക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താനും ബി.സി.സി.ഐ തയ്യാറായിരുന്നില്ല.
വിക്കറ്റ് കീപ്പറായി ഫോമിലുള്ള ഇഷാന്‍ കിഷന്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നിട്ടും ഫോമില്‍ തുടരുന്ന സഞ്ജു സാംസണ്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നിട്ടും ബി.സി.സി.ഐ കെ.എല്‍. രാഹുലിനെ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏല്‍പിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ ആരാകണമെന്ന വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന് സൂപ്പര്‍ താരവും ക്രിക്കറ്റ് ലെജന്‍ഡുമായ സുനില്‍ ഗവാസ്‌കര്‍.
‘രോഹിത് ശര്‍മയും ശിഖര്‍ ധവാനും ടീമിനൊപ്പമുണ്ടാകുമ്പോള്‍ കെ.എല്‍. രാഹുല്‍ അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. ഇത് ഇന്ത്യക്ക് ഒരു എക്‌സ്ട്രാ ബൗളറെ കൂടി ടീമിലുള്‍പ്പെടുത്താന്‍ സഹായിക്കും.
വിക്കറ്റുകള്‍ നഷ്ടപ്പെടാതെ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരമുണ്ടെങ്കില്‍ അത് ക്യാപ്റ്റനും കോച്ചിനും ഒരു ബെസ്റ്റ് ഓപ്ഷന്‍ തന്നെയാണ്. എന്നെ സംബന്ധിച്ച് കെ.എല്‍. രാഹുല്‍ ഒരു ഫിനിഷറും ഓള്‍ റൗണ്ടറുമാണ്.
അവന് ഓപ്പണറായും അഞ്ചാം നമ്പറിലും ഒരുപോലെ ബാറ്റ് ചെയ്യാന്‍ സാധിക്കും. അതുപോലെ വിക്കറ്റ് സംരക്ഷിച്ച് നിര്‍ത്താനും അവനെക്കൊണ്ട് സാധിക്കും. ഇക്കാരണത്താലാണ് ഞാന്‍ അവനെ ഓള്‍ റൗണ്ടര്‍ എന്ന് വിളിക്കുന്നത്.
അവന്റെ എക്‌സ്പീരിയന്‍സും ഷോട്ടുകളും കണക്കിലെടുക്കുമ്പോള്‍ ഫിനിഷറുടെ റോളില്‍ അഞ്ചാം നമ്പറിലും ആറാം നമ്പറിലും കളിക്കാന്‍ അവന്‍ പ്രാപ്തനുമാണ്,’ ഗവാസ്‌കര്‍ പറയുന്നു.
ഡിസംബര്‍ ഏഴാം തീയ്യതിയാണ് ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരം നടന്ന മിര്‍പൂരിലെ അതേ ഷേര്‍-ഇ-ബംഗ്ലാ സ്റ്റേഡിയത്തില്‍ വെച്ചാണ് രണ്ടാം ഏകദിനവും നടക്കുന്നത്. രണ്ടാം മത്സരത്തില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ രാഹുലിനെ തന്നെ പരീക്ഷിക്കുമോ അതേ ഇഷാന്‍ കിഷന് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Sunil Gavaskar about India’s wicket keeper