| Monday, 6th March 2023, 7:51 pm

ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് ശക്തി പോരാ; ഫൈനല്‍ കളിക്കാന്‍ അതല്ലാതെ ഇന്ത്യക്ക് വേറെ വഴിയില്ല: ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് വേണ്ടത്ര ശക്തിയില്ലെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ പേസ് നിര വളരെ ദുര്‍ബലമാണെന്നും അതുകൊണ്ടാണ് ഇന്ത്യ സ്പിന്നര്‍മാരെ ആശ്രയിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടീമിനൊപ്പമുണ്ടായിരുന്നില്ലെന്നും മറ്റുള്ള ബൗളര്‍മാരൊന്നും 20 വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തിയുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയില്‍ 20 വിക്കറ്റ് വീഴ്ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ജസ്പ്രീത് ബുംറ ടീമിനൊപ്പമില്ല. മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചതിനാല്‍ അവന്‍ മൂന്നാം ടെസ്റ്റ് കളിച്ചതുമില്ല. മുഹമ്മദ് സിറാജിനാകട്ടെ വേണ്ടത്ര അനുഭവസമ്പത്തുമില്ല.

എനിക്ക് തോന്നുന്നത് ഈ ബൗളിങ് നിര വേണ്ടത്ര ശക്തമല്ല എന്നാണ്. അതുകൊണ്ടാണ് എല്ലാ മത്സരത്തിലും സ്പിന്നര്‍മാരെ കളിപ്പിക്കേണ്ടി വരുന്നത്. ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ അവര്‍ക്ക് മുമ്പില്‍ വേറെ ഒരു ഓപ്ഷനുമില്ല,’ അഭിമുഖത്തില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഗംഭീര വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടത്.

മൂന്നാം ടെസ്റ്റില്‍ വിജയിച്ചാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പിക്കാനും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ റോളിലെത്തിയ സ്റ്റീവ് സ്മിത് ഇന്ത്യയുടെ ആ മോഹങ്ങളെല്ലാം തല്ലിക്കൊഴിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചിരുന്നു. കേവലം 109 റണ്‍സിന് പേരുകേട്ട ഇന്ത്യന്‍ നിരയെ ഓസീസിന്റെ സ്പിന്നര്‍മാര്‍ ഒന്നൊഴിയാതെ എറിഞ്ഞിട്ടു. അഞ്ച് വിക്കറ്റ് നേടിയ മാത്യു കുന്‍മാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണും ഒരു വിക്കറ്റ് വീഴ്ത്തിയ ടോഡ് മര്‍ഫിയുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

ഇന്ത്യയുയര്‍ത്തിയ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഓസീസ് അനായാസം മറികടക്കുകയും ലീഡ് സ്വന്തമാക്കുകയുമായിരുന്നു.

രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നഥാന്‍ ലിയോണിന്റെ സ്പിന്‍ ആക്രമണമായിരുന്നു ഇന്ത്യയെ വരിഞ്ഞുമുറുക്കിയത്. തുടര്‍ന്ന് ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം ഓസീസ് അനായാസം മറികടക്കുകയായിരുന്നു.

മാര്‍ച്ച് ഒമ്പതിനാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് വേദി.

Content highlight: Sunil Gavaskar about India’s bowling department

We use cookies to give you the best possible experience. Learn more