പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് പ്രക്ഷോഭം അവസാനിപ്പിച്ച് ക്ലാസുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. സുനില്‍ ഗവാസ്‌കറുടെ പ്രസ്താവനക്കെതിരെ ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
രാജ്യം വലിയ കുഴപ്പത്തിലാണ്. നമ്മുടെ യുവജനങ്ങളില്‍ ഒരു വിഭാഗം ക്ലാസ് മുറികളില്‍ ഇരിക്കുന്നതിന് പകരം തെരുവുകളിലാണ്. അവരില്‍ ചിലര്‍ തെരുവുകളില്‍ നിന്ന് ഇപ്പോള്‍ ആശുപത്രികളില്‍ എത്തപ്പെട്ടിരിക്കുന്നുവെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.
ക്ലാസ് മുറികളിലേക്ക് മടങ്ങണം. കാരണം, നിങ്ങളുടെ പ്രധാന ഉത്തരവാദിത്വം അതാണ്. നിങ്ങള്‍ സര്‍വ്വകലാശാലകളിലേക്ക് പോവുന്നത് പഠിക്കുവാനാണ്. അത് കൊണ്ട് പഠിക്കുകയാണ് വേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു.
ഗവാസ്‌കറുടെ ഈ വാക്കുകള്‍ക്കെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. കാര്‍ത്തി ചിദംബരം എം.പിയും ഗവാസ്‌കര്‍ക്കെതിരെ രംഗത്തെത്തി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘അദ്ദേഹം ഒരു ക്രിക്കറ്റ് ഇതിഹാസമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. എല്ലാ കാലത്തെയും ഇതിഹാസം. പക്ഷെ ഒരു ക്രിക്കറ്റ് പദം തന്നെ ഉപയോഗിക്കുകയാണ്, അദ്ദേഹം പിച്ചിനെ കുറിച്ച് ശരിക്ക് മനസ്സിലാക്കിയിട്ടില്ല, മാത്രമല്ല പന്തിന്റെ സ്വഭാവം എന്താണെന്ന് പൂര്‍ണ്ണമായും തെറ്റായി ധരിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം പൂര്‍ണ്ണമായി ശരിയാണ്, ആവശ്യപ്പെടുന്നതുമാണ്’ കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
സുനില്‍ ഗവാസ്‌കറിന് നട്ടെല്ലില്ലെന്നും പലരും കുറിച്ചു. വീണ്ടും വീണ്ടും അത് തെളിയിക്കുകയാണെന്നാണ് ആര്‍.കെ രാധാകൃഷ്ണന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ