മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യക്ക് മെല്‍ബണില്‍ വിജയിക്കാന്‍ സാധിക്കില്ലെന്നും മത്സരം സമനിലയിലെത്തിക്കാന്‍ ശ്രമിക്കണമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 474 റണ്‍സ് സ്വന്തമാക്കിയ വേളയിലാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞതെന്ന് പ്രമുഖ കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിക്കില്ല. മത്സരം കൈവിടാതെ കാക്കാന്‍ വേണ്ടിയായിരിക്കണം ഇന്ത്യ കളിക്കേണ്ടത്,’ ഗവാസ്‌കര്‍ പറഞ്ഞതായി ക്രിക്ടുഡേ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെക്കന്‍ഡ് ന്യൂ ബോള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘വെറും ഓര്‍ഡനറി ബൗളിങ്ങാണ് സെക്കന്‍ഡ് ന്യൂ ബോളില്‍ ഇന്ത്യ നടത്തിയത്. സങ്കടമുണ്ട്, പക്ഷേ ഇന്ത്യ ഒരു ന്യൂ ബോള്‍ പാഴാക്കി കളഞ്ഞു. ബുംറ മാത്രമാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. മറ്റുള്ളവര്‍ ഒന്നും ചെയ്തില്ല.
ന്യൂ ബോള്‍ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം കൃത്യമായി ഉറപ്പാക്കേണ്ടതുണ്ട്. ഇത് നേരത്തെ അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും സംഭവിച്ചതാണ്. ഇപ്പോള്‍ ഇതാ മെല്‍ബണിലും. ബുംറയ്ക്ക് പിന്തുണ ആവശ്യമാണ്, എന്നാല്‍ അത് ഇതുവരെ ഉണ്ടായിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്തിയത്. 197 പന്ത് നേരിട്ട താരം 140 റണ്‍സ് സ്വന്തമാക്കി.
സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ (145 പന്തില്‍ 72), അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് (65 പന്തില്‍ 60), ഉസ്മാന്‍ ഖവാജ (121 പന്തില്‍ 57), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (63 പന്തില്‍ 49) എന്നിവരുടെ കരുത്തിലാണ് ഓസീസ് മികച്ച ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ 326ന് ഏഴ് എന്ന നിലയിലാണ്. യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തുന്നത്. നിതീഷ് 85 റണ്‍സും സുന്ദര്‍ 40 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.
Content highlight: Sunil Gavaskar about Boxing Day Test