|

ഇന്ത്യ അവനെ ശരിക്കും മിസ് ചെയ്യുന്നു, അവനുണ്ടായിരുന്നെങ്കില്‍... സ്‌ക്വാഡിലില്ലാത്ത താരത്തെ കുറിച്ച് ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയനില്‍ നടക്കുകയാണ്. ആദ്യ ദിനം എട്ട് വിക്കറ്റിന് 208 എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള ടോപ് ഓര്‍ഡര്‍ താരങ്ങള്‍ പരാജയമായപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ കെ.എല്‍. രാഹുലിന്റെ ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്.

ഇന്ത്യയുടെ ആദ്യ ദിവസത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ അജിന്‍ക്യ രഹാനെയെ പോലെ ഒരു താരത്തിന്റെ അഭാവം തിരിച്ചടിയായെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായി സുനില്‍ ഗവാസ്‌കര്‍. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ രഹാനെയുടെ പ്രകടനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘അഞ്ച് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ജോഹനാസ്‌ബെര്‍ഗിലെ പിച്ച് ഒട്ടും ബാറ്റര്‍മാര്‍ക്ക് അനുകൂലമായിരുന്നില്ല. അന്ന് ഞാനും അവിടെയുണ്ടായിരുന്നു. എന്നാല്‍ രഹാനെ സാഹചര്യത്തിനൊത്ത് ഉയര്‍ന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് നഷ്ടമായതെന്താണെന്നാണ് അവനന്ന് കാണിച്ചു തന്നത്.

വന്‍ മാര്‍ജിനിലല്ല ഇന്ത്യ മുമ്പ് സൗത്ത് ആഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ടത്. രഹാനെയെ പോലെ ഒരു താരം പര്യടനത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇന്ത്യക്ക് അത് വളരെ ഉപകാരപ്രദമാകുമായിരുന്നു.

ഇന്ത്യന്‍ മണ്ണിന് പുറത്തും രഹാനെ തന്റെ ക്ലാസ് പല തവണ തെളിയിച്ചതാണ്. അവന്‍ ആദ്യ ദിനം ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കില്‍ കഥ പൂര്‍ണമായും മാറിയേനെ,’ ഗവാസ്‌കര്‍ പറഞ്ഞു.

ഈ വര്‍ഷം നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ രഹാനെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മത്സരത്തില്‍ മോശമല്ലാത്ത പ്രകടനമാണ് രഹാനെ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 89 റണ്‍സ് നേടിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സും നേടി.

എന്നാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ രഹാനെക്ക് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും 47 പന്ത് നേരിട്ട് 11 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാന്‍ സാധിച്ചത്. ഇതോടെയാണ് രഹാനെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും പുറത്തായത്.

അതേസമയം, രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യ ഓള്‍ ഔട്ടായിരിക്കുകയാണ്. 245 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ നേടിയത്.

മുഹമ്മദ് സിറാജിനെയും കെ.എല്‍. രാഹുലിനെയുമാണ് ഇന്ത്യക്ക് രണ്ടാം ദിവസം നഷ്ടമായത്. സിറാജ് 22 പന്തില്‍ അഞ്ച് റണ്‍സ് നേടിയപ്പോള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രാഹുല്‍ മടങ്ങിയത്.

137 പന്തില്‍ നിന്നും 101 റണ്‍സ് നേടി നില്‍ക്കവെ അരങ്ങേറ്റക്കാരന്‍ നാന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് രാഹുല്‍ പുറത്തായത്. 14 ഫോറും നാല് സിക്‌സറും അടക്കമാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

വിരാട് കോഹ്‌ലി (64 പന്തില്‍ 38), ശ്രേയസ് അയ്യര്‍ (50 പന്തില്‍ 31) എന്നിവരാണ് ഇന്ത്യക്കായി റണ്‍സ് കണ്ടെത്തിയ മറ്റ് താരങ്ങള്‍.

സൗത്ത് ആഫ്രിക്കക്കായി കഗീസോ റബാദ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നാന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. മാര്‍കോ യാന്‍സെനും ജെറാള്‍ഡ് കോട്‌സിയുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Content Highlight: Sunil Gavaskar about Ajinkya Rahane