ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഒത്തുകളിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ടീം മുന്‍ മാനേജര്‍ സുനില്‍ദേവ്. അസംബന്ധമാണ് പറഞ്ഞ് പരത്തുന്നതെന്നും വാര്‍ത്ത കൊടുത്ത ഹിന്ദി ദിനപത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനില്‍ദേവ് പറഞ്ഞു.
2014ല്‍ നടന്ന ടെസ്റ്റ് പരമ്പരക്കിടെ ധോണി ഒത്തു കളിച്ചെന്ന് സംശയിക്കുന്നതായി അന്നത്തെ മാനേജറായിരുന്ന സുനില്‍ദേവ് തങ്ങളുടെ ഒളി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞെന്ന് ഹിന്ദി ദിനപത്രമായ സണ്‍സാറ്റാറാണ് വാര്‍ത്ത പുറത്തു വിട്ടിരുന്നത്.
മത്സരത്തിന് മുമ്പ് മഴ പെയ്തതിനാല്‍ ബൗളിങ് തിരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ടോസ് ലഭിച്ച ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തുവെന്നും ഇത് ഒത്തുകളിയാണെന്നുമാണ് സുനില്‍ദേവ് പറഞ്ഞിരുന്നത്. സംഭവത്തില്‍ ബി.സി.സി.ഐ പ്രസിഡന്റായിരുന്ന എന്‍. ശ്രീനിവാസന്‍ നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും പക്ഷെ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും സുനില്‍ദേവ് പറഞ്ഞിരുന്നു.
ജീവന് ഭീഷണി ഉണ്ടാകുമെന്ന് കരുതിയാണ് ഒരു സമിതിക്ക് മുന്‍പിലും ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും സുനില്‍ദേവ് പറയുന്നുണ്ട്.
67കാരനായ സുനില്‍ദേവ് ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാണ്.