| Tuesday, 21st August 2012, 9:01 am

നെഹ്‌റു കപ്പില്‍ ഇന്ത്യന്‍ ടീമിനെ ഛേത്രി നയിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി നയിക്കും. അവസാനഘട്ട പരിശീലനത്തിനിടെ ദേശീയ കോച്ച് വിം കൊവെര്‍മാന്‍സാണ് ടീമിനെ പ്രഖ്യാപിച്ചത്. []

ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ സിറിയയെ നേരിടും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ആഫ്രിക്കന്‍ കരുത്തരായ കാമറൂണിന് പുറമെ സിറിയ, മാലി ദ്വീപ്, നേപ്പാള്‍ എന്നിവരാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. പോര്‍ച്ചുഗീസ് വമ്പന്‍മാരായ സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ റിസര്‍വ് താരമാണ് ഛേത്രി.

നെഹ്‌റു കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നതായി ഛേത്രി പറഞ്ഞു. അതേസമയം, തനിക്കു മേലുള്ള സമ്മര്‍ദ്ദവും ഉത്തരവാദിത്തവും ഇരട്ടിച്ചതായും ഛേത്രി കൂട്ടിച്ചേര്‍ത്തു.

ഹോളണ്ടുകാരനായ പുതിയ കോച്ച് വിം കോവര്‍മാന്റെ കീഴില്‍ ഇന്ത്യന്‍ ടീം നേടിയ പുരോഗതിയും ടൂര്‍ണമെന്റില്‍ വിലയിരുത്തപ്പെടും. പന്ത് കഴിയുന്നത്ര വരുതിയില്‍ വെക്കുന്ന പാസിങ്ങ് ശൈലിയിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലുമാണ് ഇന്ത്യ.

ടീം: സുബ്രതാപാല്‍, സുഭാഷിഷ്‌റോയ് ചൗധരി, കരണ്‍ജിത്ത് സിങ്(ഗോള്‍ കീപ്പര്‍മാര്‍). നിര്‍മ്മല്‍ ഛേത്രി, ഡെന്‍സില്‍ ഫ്രാങ്കൊ, ഗൗര്‍മാംഗി സിങ്, ഗുര്‍വീന്ദര്‍ സിങ്, രാജു ഗേക്ക്‌വാദ്, സയ്യിദ് റഹീം നബി(ഡിഫന്റര്‍മാര്‍)ലെന്നി റോഡ്രിഗ്‌സ്, മേത്താബ് ഹുസ്സൈന്‍, ജ്യൂവല്‍ രാജ, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, ആല്‍വിന്‍ ജോര്‍ജ്, ആന്റണി പെരേര, സഞ്ജു പ്രധാന്‍, ക്ലിഫോര്‍ഡ് മിറാന്‍ഡ(മിഡ് ഫീല്‍ഡര്‍മാര്‍). റോബിന്‍ സിങ്, സുനില്‍ ഛേത്രി, മന്ദീപ് സിങ്(ഫോര്‍വേഡുമാര്‍).

We use cookies to give you the best possible experience. Learn more