| Thursday, 6th June 2024, 10:33 pm

19 വര്‍ഷം, 94 ഗോളുകള്‍, എണ്ണിയാലൊടുങ്ങാത്ത മികച്ച നിമിഷങ്ങള്‍; താങ്ക് യൂ ഛേത്രി; ഇന്ത്യന്‍ ഫുട്‌ബോളിന്റെ രാജാവിന് വിജയമില്ലാതെ മടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് സുനില്‍ ഛേത്രി. 2026 ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍ കുവൈത്തിനെതിരെയാണ് ഛേത്രി തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

കരിയറിലെ 151ാം രാജ്യാന്തര മത്സരത്തില്‍ തോല്‍വി രുചിക്കാതെയാണ് ഛേത്രി ആരാധകരോട് വിട ചൊല്ലി പടിയിറങ്ങുന്നത്. തന്റെ ലാസ്റ്റ് ഡാന്‍സില്‍ 90 മിനിറ്റും ക്യാപ്റ്റന്‍ ഛേത്രി ഗ്രൗണ്ടില്‍ തുടര്‍ന്നെങ്കിലും ഗോളടിക്കാന്‍ മാത്രം കഴിയാതെ പോയി.

അന്താരാഷ്ട്ര കരിയറില്‍ 94 ഗോളുകളും 11 അസിസ്റ്റുകളുമായാണ് ഛേത്രിയുടെ പടിയിറക്കം. ഛേത്രിയുടെ അവസാന മത്സരത്തില്‍ പുതിയ ഡിസൈനിലുള്ള ജേഴ്‌സി ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ കളിക്കാനിറങ്ങിയത്.

മത്സരത്തിലെ ആദ്യ മിനിറ്റുകളില്‍ തന്നെ കുവൈത്ത് ഇന്ത്യന്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നു. ആറാം മിനിറ്റില്‍ കുവൈത്ത് താരങ്ങളായ അലെനെസിയും മുഹമ്മദ് അബ്ദുള്ളയും നടത്തിയ മുന്നേറ്റങ്ങള്‍ ഇന്ത്യന്‍ താരം ലാലിയന്‍സുവാല ചാങ്‌തെയുടെ ഫൗളിലാണ് അവസാനിച്ചത്.

11ാം മിനിട്ടില്‍ ലിസ്റ്റന്‍ കൊളാസോ-സുനില്‍ ഛേത്രി കുവൈത്ത് ഗോള്‍വല ലക്ഷ്യമിട്ടെങ്കിലും കുവൈത്ത് താരം അലെനെസിയുടെ ഇന്റര്‍സെപ്ഷന്‍ ഇന്ത്യന്‍ നീക്കത്തെ പരാജയപ്പെടുത്തി. തൊട്ടുപിന്നാലെ അന്‍വര്‍ അലിയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം കാണാതെ പോയി.

തുടര്‍ന്നുവന്ന ഇന്ത്യയുടെ മുന്നേറ്റങ്ങളെ പ്രതിരോധ മതില്‍ പടുത്തുയര്‍ത്തി കുവൈത്ത് തടഞ്ഞുനിര്‍ത്തി.

ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങിയപ്പോള്‍ ഗോള്‍മുഖം ലക്ഷ്യമാക്കി ഒറ്റ ഷോട്ട് പോലും പായിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അനിരുദ്ധ് ഥാപ്പ, സഹല്‍ അബ്ദുല്‍ സമദ് എന്നിവരെ ഇന്ത്യ പിന്‍വലിച്ചു. പകരക്കാരായി റഹീം അലിയും ബ്രാണ്ടന്‍ ഫെര്‍ണാണ്ടസുമാണ് കളത്തിലിറങ്ങിയത്.

48ാം മിനിറ്റില്‍ തന്നെ ഗോള്‍ നേടാന്‍ റഹീം അലിക്ക് സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ യുവതാരത്തിന്റെ ഷോട്ട് കുവൈത്ത് ഗോളി മികച്ചൊരു സേവിലൂടെ പരാജയപ്പെടുത്തി. 70ാം മിനിറ്റില്‍ ഗോള്‍ നേടാനുള്ള അവസരം കുവൈത്ത് താരം അബ്ദുള്ളയും നഷ്ടപ്പെടുത്തി.

83ാം മിനിറ്റില്‍ എഡ്മണ്ട് ലാല്‍റിന്‍ഡിക ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഐ ലീഗ് കളിച്ച് ദേശീയ ടീമില്‍ അരങ്ങേറുന്ന ആദ്യ താരമാണ് എഡ്മണ്ട്. ഏഴു മിനിറ്റാണ് അധികസമയമായി റഫറി അനുവദിച്ചത്.

96ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ താരം ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനു സാധിക്കാതെ വന്നതോടെ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവില്‍ അഞ്ച് പോയിന്റാണുള്ളത്.

അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് ഒരു വിജയവും രണ്ട് തോല്‍വിയും രണ്ടു സമനിലകളുമാണുള്ളത്. മൂന്നാമതുള്ള കുവൈത്തിന് നാലു പോയിന്റുണ്ട്.

12 പോയിന്റുള്ള ഖത്തറാണ് എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 11ന് ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അവസാന മത്സരം.

Content highlight: Sunil Chhetri played his last match for India in international football

We use cookies to give you the best possible experience. Learn more