ഐ.എസ്.എല്ലില്‍ വെള്ളിയാഴ്ച നടന്ന ഹൈദരാബാദ്-ബെംഗളൂരു മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിന് മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം വരെ 2-0ന് പുറകില്‍ നിന്ന ശേഷം 87ാം മിനിറ്റിലായിരുന്നു ബെംഗളൂരു ഗോള്‍ നേടിയത്.
ക്യാപ്റ്റനായ സുനില്‍ ഛേത്രിയായിരുന്നു ടീമിനായി ആശ്വാസ ഗോള്‍ നേടിയത്. ആ ഗോളിലൂടെ താരത്തിന് ടീമിന്റെ വിധി മാറ്റിയെഴുതാന്‍ സാധിച്ചില്ലെങ്കിലും ഛേത്രിയെ ചരിത്രത്തിലേക്ക് നടന്നു കയറാന്‍ ആ ഗോള്‍ സഹായിച്ചിരുന്നു.
സഹതാരം ഉദാന്ത പാസ് ചെയ്ത പന്ത് ഗോള്‍പോസ്റ്റിലേക്ക് അടിച്ചു കയറ്റുമ്പോള്‍ ഐ.എസ്.എല്ലിലെ ഒരു റെക്കോഡു കൂടിയായിരുന്നു പിറന്നത്. ഐ.എസ്.എല്ലില്‍ ഗോളുകളുടെ എണ്ണത്തില്‍ ഹാഫ് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ഛേത്രി തന്റെ പേരിനൊപ്പം എഴുതി ചേര്‍ത്തത്.
ബെംഗളൂരു എഫ്.സി ഐ.എസ്.എല്ലില്‍ അരങ്ങേറിയതു മുതല്‍ ബെംഗളൂരുവിന് വേണ്ടി മാത്രം ബൂട്ടു കെട്ടിയ താരം തന്റെ 50ാം ഗോളും ബ്ലൂസിന് വേണ്ടി അടിച്ചാണ് ചരിത്രത്തിന്റെ ഭാഗമായത്.
ഹൈദരാബാദ് താരം ബെര്‍ത്യലാമു ഓഗ്ബച്ചെയ്ക്കും മത്സരത്തിന് മുന്‍പ് 49 ഗോളുകള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. കേരളമടക്കമുള്ള വിവിധ ടീമുകള്‍ക്ക് വേണ്ടിയായിരുന്നു ഓഗ്ബച്ചെ ഗോളടിച്ചുകൂട്ടിയത്.
ആദ്യ പകുതിയില്‍ ജാവിയര്‍ സുവേരിയയും ജോവാവു വിക്ടറും നേടിയ ഗോളുകളാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്.
ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വിജയിച്ചതോടെ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകാണ്. 16 മത്സരങ്ങളില്‍ നിന്നും എട്ട് ജയത്തോടെയാണ് ഹൈദരാബാദ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്.
അതേസമയം, 16 കളികളില്‍ നിന്നും 23 പോയിന്റോടെ ബെംഗളൂരു പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഫെബ്രുവരി 18ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.
Content Highlight: Sunil Chhetri becomes the first player to reach 50 goals in the ISL