ഐ.എസ്.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നോക്ക് ഔട്ട് മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി എതിരില്ലാത്ത ഒരു ഗോളിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തും ആഡ് ഓണ്‍ സമയത്തും ഇരുടീമുകളും ഗോള്‍ രഹിത സമനില തുടര്‍ന്നതിന് പിന്നാലെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയും അതില്‍ നിന്നും ഗോള്‍ നേടി ബെംഗളൂരു വിജയിക്കുകയുമായിരുന്നു.
97ാം മിനിട്ടിലാണ് വിവാദങ്ങള്‍ക്ക് വഴിവെച്ച ആ ഗോള്‍ പിറന്നത്. ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് നായകന്‍ സുനില്‍ ഛേത്രി പെട്ടെന്ന് തന്നെയടിച്ച് വലയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ മതില്‍ സെറ്റ് അപ് ചെയ്യും മുമ്പായിരുന്നു ഛേത്രി ഗോളടിച്ചത്. റഫറി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നിലപാടില്‍ പ്രതിഷേധിച്ച് വുകോമനോവിച്ച് ടീമിനെ തിരികെ വിളിക്കുകയും ഇറങ്ങി പോവുകയുമായിരുന്നു.
ഇതിന് പിന്നാലെ മാച്ച് ഒഫീഷ്യല്‍സും മാച്ച് കമ്മീഷണറുമടക്കമുള്ളവര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. 120ാം മിനിട്ടിലും ബ്ലാസറ്റേഴ്‌സ് മൈതാനത്തിലേക്കെത്താന്‍ തയ്യറാവാതെ വന്നതോടെ ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു.
ഇപ്പോള്‍ വിഷയത്തില്‍ തന്റെ പ്രതികരണമറിയിക്കുകയാണ് ബെംഗളൂരു എഫ്.സി നായകന്‍ സുനില്‍ ഛേത്രി. മത്സരശേഷം നല്‍കിയ അഭിമുഖത്തിലായിരുന്നു ഛേത്രി തന്റെ ഭാഗം വ്യക്തമാക്കിയത്.
‘എനിക്ക് ഫ്രീ കിക്ക് ലഭിച്ചു, ഞാന്‍ ഒരു ഓപ്പണിങ് കാണുകയും അത് മുതലെടുക്കുകയുമായിരുന്നു. മാച്ച് റഫറി ക്രിസ്റ്റല്‍ ജോണ്‍ പറഞ്ഞു അദ്ദേഹത്തിന് വിസിലിന്റെയോ വാളിന്റെയോ (ബ്ലാസ്‌റ്റേഴ്‌സ് ഡിഫന്‍സീവ് വാള്‍) ആവശ്യമില്ല എന്ന്. ഞാന്‍ വീണ്ടും റഫറിയോട് ഇക്കാര്യം ചോദിക്കുകയും അദ്ദേഹം ഇതേ മറുപടി നല്‍കുകയും ചെയ്തതോടെയാണ് ഞാന്‍ ആ കിക്ക് എടുത്തത്.
ഇത് ലൂണയും കേട്ടിരുന്നു. അതുകൊണ്ടാവും എന്റെ ഫസ്റ്റ് ചാന്‍സ് ബ്ലോക്ക് ചെയ്യാന്‍ ലൂണ ശ്രമിച്ചത്. അവന് അത് കൃത്യമായി അറിയാം എന്ന് കരുതുന്നു. വിവാദങ്ങളില്‍ എനിക്ക് ഒന്നും പറയാനില്ല, കാരണം ഞാന്‍ റഫറിയോട് ചോദിച്ചിട്ടാണ് കിക്ക് എടുത്തത്. ഞാന്‍ അദ്ദേഹത്തോട് രണ്ട് തവണ ചോദിച്ചിരുന്നു, അദ്ദേഹത്തിന് അക്കാര്യമറിയുകയും ചെയ്യാം. ഇത് മറ്റൊരു ദിവസമാണ്, നമുക്ക് മുന്നോട്ട് പോവുക തന്നെ വേണം,’ ഛേത്രി പറഞ്ഞു.
താരത്തിന്റെ ഈ ക്വിക് ഫ്രീ കിക്കിന് പിന്നാലെ ഇന്ത്യന്‍ നായകനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ നിലപാടെടുക്കുന്നുണ്ട്. ഛേത്രി ഫുട്‌ബോളിന്റെ സ്പിരിറ്റ് കളഞ്ഞുകുളിച്ചെന്ന് ചിലര്‍ വാദിക്കുമ്പോള്‍ നിയമവിരുദ്ധമായി ഛേത്രി ഒന്നും ചെയ്തിട്ടില്ല എന്നും മത്സരം അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയ ബ്ലാസ്‌റ്റേഴ്‌സാണ് ഫുട്‌ബോളിനെ അപമാനിച്ചതെന്നും മറ്റുചിലര്‍ വാദിക്കുന്നു.
ഈ വിജയത്തിന് പിന്നാലെ സെമി ഫൈനലിലേക്ക് കുതിക്കാനും ബെംഗളൂരുവിനായി. മുംബൈ സിറ്റി എഫ്.സി ആണ് സെമിയില്‍ ബ്ലൂസിന്റെ എതിരാളികള്‍. മാര്‍ച്ച് ഏഴിന് സെമി ഫൈനലിന്റെ ആദ്യ പാദം മുംബൈ ഫുട്‌ബോള്‍ അരീനയിലും രണ്ടാം പാദ മത്സരം മാര്‍ച്ച് 12ന് ശ്രീ കണ്ഠീരവയിലും വെച്ച് നടക്കും.
Content Highlight: Sunil Chhetri about free kick goal against Kerala Blasters