ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം സുനില്‍ ഛേത്രിയുടെ വിരമിക്കല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണിപ്പോള്‍. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഛേത്രി. സാഫ് കപ്പ് ഫുട്‌ബോള്‍ സെമി ഫൈനലില്‍ ലെബനന് എതിരായ മത്സരത്തിന് മുമ്പാണ് താരം വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചത്.
‘ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എന്റെ അവസാന മത്സരത്തെ കുറിച്ച് ഒരു ഊഹവും ഇല്ല. ദീര്‍ഘനാളത്തേക്ക് കളത്തില്‍ തുടരാനാകുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോള്‍ മുന്നിലുള്ള കാര്യത്തെ കുറിച്ച് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന മത്സരങ്ങള്‍, പരിശീലന സെഷന്‍ എന്നിങ്ങനെയുള്ള ചിന്തകളേ ഇപ്പോള്‍ എന്റെ മനസിലുള്ളൂ.
എനിക്ക് പല കാര്യങ്ങള്‍ താരതമ്യം ചെയ്യാനും പഠിക്കാനുമുണ്ട്. ടീമിനായി എന്റെ സംഭാവന എന്താണ്, എനിക്ക് ഉദാന്ത സിങ്ങിനൊപ്പം ഓടി എത്താന്‍ സാധിക്കുന്നുണ്ടോ, എനിക്ക് സന്തേശ് ജിങ്കന്റെ ഒപ്പം ഹെഡ് ചെയ്യാന്‍ സാധിക്കുന്നുണ്ടോ, തുടങ്ങിയവയാണ് എന്റെ മനസിലുള്ള കാര്യങ്ങള്‍. അതിനൊക്കെ കഴിയാതെ വരുന്ന നിമിഷം ഇന്ത്യക്ക് വേണ്ടിയുള്ള എന്റെ പോരാട്ടം അവസാനിക്കും. എനിക്ക് ഫുട്ബോള്‍ മറ്റെന്തിനേക്കാളും ഇഷ്ടമാണ്. പ്രശസ്തിയും പണവും ഞാന്‍ നോക്കാറില്ല,’ സുനില്‍ ഛേത്രി പറഞ്ഞു.