ന്യൂദല്‍ഹി: രാജ്യന്തര ഫുട്‌ബോളില്‍ അതികമൊന്നും നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത ടീമാണെങ്കിലും കഴിഞ്ഞ കുറച്ച് നാളായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കരിയര്‍ കുത്തനെ ഉയരുകയാണ്. ടീമിനെ നേട്ടങ്ങളിലേക്ക് നയിക്കുന്ന നായകന്‍ സുനില്‍ ഛേത്രിയാണെങ്കില്‍ ചരിത്ര നേട്ടത്തിന്റെ പടിവാതില്‍ക്കലുമാണ്.
Also read മൂന്നുമാസം പ്രായമായ കുട്ടിയെ പീഡിപ്പിച്ച 50കാരന് ജീവപര്യന്തം തടവ് ശിക്ഷ
അന്താരാഷ്ട്ര ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് ഛേത്രി മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മ്യാന്‍മറില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ചരിത്ര വിജയം കൈവരിച്ചപ്പോഴാണ് സുനില്‍ ഛേത്രി ലോക ഫുട്ബോളിലെ ഗോള്‍വേട്ടക്കാരുടെ നിരയിലേക്കുയര്‍ന്നത്.
എ.എഫ്.സി കപ്പ് ക്വാളിഫെയറില്‍ മ്യാന്‍മറിനെതിരെ ഛേത്രി നേടിയ ഗോള്‍ രാജ്യാന്തര കരിയറില്‍ താരത്തിന്റെ അമ്പത്തിമൂന്നാമത്തേതായിരുന്നു. ഇംഗ്ലണ്ടിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെയിന്‍ റൂണിയുടെ ഗോള്‍ നേട്ടത്തിനൊപ്പമാണ് 53 ഗോളുമായി താരം നിലവില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യക്കായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായ സുനില്‍ ഛേത്രിയ്ക്ക് അര്‍ജ്ജന്റീനന്‍ നായകനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയെ മറികടക്കാന്‍ കേവലം ആറു ഗോളുകള്‍ മാത്രം നേടിയാല്‍ മതി. 58 ഗോളുകളാണ് ബാഴ്‌സലോണയുടെ താരത്തിന്റെ പേരില്‍ നിലവിലുള്ളത്.
നിലവില്‍ രാജ്യാന്തര ഫുട്‌ബോള്‍ രംഗത്തുള്ളവരില്‍ ക്ലിന്റ് ഡെംസി, ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നീ താരങ്ങള്‍ മാത്രമാണ് ഛേത്രിയുടെ മുന്നിലുള്ളത്. 56 ഗോളുകള്‍ നേടിയ യു.എസ്.എ താരം ക്ലിന്റ് ഡെംസിയെ മറികടക്കാന്‍ ഛേത്രിക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല. ഡെംസിയുടെയും മെസ്സിയുടെയും അടുത്തെത്താന്‍ കഴിഞ്ഞെങ്കിലും പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടക്കുക താരത്തിന് എളുപ്പമാകില്ല. 71 ഗോളുകളാണ് റൊണാള്‍ഡോയുടെ പേരില്‍ നിലവിലുള്ളത്.