2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഗുഹവത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണി മുതലാണ് ആവേശകരമായ മത്സരത്തിന് തുടക്കം കുറിക്കുക.
ഈ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. ഇന്ത്യയ്ക്കായി 150 മത്സരങ്ങള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ഇന്ത്യന്‍ നായകന്‍ കാലെടുത്തുവെക്കുക.
ഇതിനോടകം തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്താളുകളില്‍ തന്റേതായ സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്തിയ ഇതിഹാസതാരമാണ് സുനില്‍ ഛേത്രി. 2005 ജൂണ്‍ 12ന് മത്സരത്തില്‍ ആയിരുന്നു സുനില്‍ ഛേത്രി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റം മത്സരത്തില്‍ തന്നെ സുനില്‍ ഗോള്‍ നേടിയിരുന്നു.
പിന്നീടുള്ള നീണ്ട 19 വര്‍ഷങ്ങളില്‍ ഈ ഗോളടി മികവ് ചേത്രിയില്‍ നിന്നും നഷ്ടമായിട്ടില്ല. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 93 ഗോളുകളാണ് സുനില്‍ സ്വന്തമാക്കിയത്. ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ നാലാമതും നിലവില്‍ ആക്ടീവ് ആയിരിക്കുന്ന താരങ്ങളില്‍ മൂന്നാമതുമാണ് ഇന്ത്യന്‍ നായകന്‍. ഇതിനോടകം തന്നെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് നേടാനും ഛേത്രിക്ക് സാധിച്ചിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാന്‍ എതിരെയുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ സമനില നേടിയിരുന്നു. അഫ്ഗാനിസ്ഥാന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
നിലവില്‍ വേള്‍ഡ് കപ്പ് ക്വാളിഫയര്‍ ഗ്രൂപ്പ് എ യില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും തോൽവിയും സമനിലേയും അടക്കം നാലു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Content Highlight: Sunil Chethri waiting for a historical achievement ii football