| Tuesday, 28th February 2023, 12:29 pm

മൂന്നാം സ്ഥാനം മെസിക്ക്, ഒന്നും രണ്ടും സ്ഥാനത്ത് മറ്റു രണ്ടുപേര്‍; സുനില്‍ ഛേത്രിയുടെ വോട്ടിങ് കണ്ട് ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ എല്ലാ പ്രൊഫഷണല്‍ പ്ലെയഴ്സും ചേര്‍ന്നാണ് എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് ഇലവനെ തെരഞ്ഞെടുത്തത്. ഡിജിറ്റല്‍ വോട്ടിങ്ങിനായുള്ള ഓണ്‍ലൈണ്‍ ലിങ്കുകള്‍ പങ്കുവെച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഗോള്‍കീപ്പര്‍, ഡിഫന്‍ഡേഴ്സ്, മിഡ്ഫീല്‍ഡേഴ്സ്, ഫോര്‍വേഡ്സ് എന്നീ സെഷനുകളിലേക്ക് പ്രത്യേകം തെരഞ്ഞെടുപ്പാണ് നടത്തിയത്. ഒരു ഗോള്‍കീപ്പറും മറ്റ് കാറ്റഗറികളിലേക്ക് മൂന്ന് വീതം താരങ്ങള്‍ ചേര്‍ന്നതാണ്. എഫ്.ഐ.എഫ് പ്രോ മെന്‍സ് വേള്‍ഡ് ഇലവന്‍.

ഓരോ കളിക്കാരനും മൂന്ന് വീതം താരങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള ഓപ്ഷനാണ് ഉള്ളത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ഏതൊക്കെ താരങ്ങള്‍ ആര്‍ക്കൊക്കെ വോട്ട് ചെയ്തു എന്നതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രിയുടെ വോട്ടിങ് ഡീറ്റെയ്ല്‍സാണ് പുറത്തുവന്നിരിക്കുന്നത്.

ഛേത്രിയുടെ പരിഗണനയില്‍ മൂന്നാം സ്ഥാനത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയാണ്. താരം ഒന്നാമതായി വോട്ട് ചെയ്തത് നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവും റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍താരവുമായ കരിം ബെന്‍സെമക്കാണ്.

ഛേത്രിയുടെ വോട്ടിങ് ലിസ്റ്റില്‍ രണ്ടാമത് ഇടംപിടിച്ചതാകട്ടെ പി.എസ്.ജിയില്‍ മെസിയുടെ സഹതാരവും ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കറുമായ കിലിയന്‍ എംബാപ്പെയും.

അതേസമയം, ഫിഫ ദ ബെസ്റ്റ് പ്ലെയര്‍് അവാര്‍ഡിന് അര്‍ഹനായത് ലയണല്‍ മെസിയാണ്. എംബാപ്പെയെയും ബെന്‍സെമയെയും മറികടന്നാണ് മെസി പുരസ്‌കാരത്തിന് അര്‍ഹനായത്.

2019ലും മെസി ഫിഫ ദ ബെസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മെസിയുടെ ഈ നേട്ടം.

ഫിഫ ലോകകപ്പ് 2022ലെ മികവും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാന്‍ സഹായിച്ചതുമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് മികച്ച ഗോള്‍കീപ്പര്‍. മൊറോക്കയുടെ യാസീന്‍ ബോണോ, ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ എന്നിവരെ പിന്നിലാക്കിയാണ് എമിലിയാനോ മാര്‍ട്ടിനെസിന്റെ നേട്ടം.

അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. പെപ് ഗ്വാര്‍ഡിയോള, കാര്‍ലോ ആന്‍സലോട്ടി എന്നിവരെ കവച്ചുവെച്ചുകൊണ്ടാണ് അര്‍ജന്റീനക്കാരന്‍ മികച്ച കോച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വന്തമാക്കി. മികച്ച വനിതാ താരമായി സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസിനെ തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ സറീന വെയ്ഗ്മാനാണ് മികച്ച വനിതാ ടീം കോച്ച്.

Content Highlights: Sunil Chethri votes for Messi, Benzema and Mbappe for the FIFA the best awards

We use cookies to give you the best possible experience. Learn more