ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മോഹന്‍ ബഗാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.
ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഛേത്രി ഒരു ചരിത്രനിമിഷമാണ് സൃഷ്ടിച്ചത്. മത്സരത്തില്‍ ബെംഗളൂരുവിന് വേണ്ടി ഒരു ഗോള്‍ നേടാന്‍ ഛേത്രിക്ക് സാധിച്ചിരുന്നു.
രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു താരം. ഈ ഗോള്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായി മാറാനും ഛേത്രിക്ക് സാധിച്ചു.
ഐ.എസ്.എല്ലില്‍ 64 തവണയാണ് ഇന്ത്യന്‍ ഇതിഹാസം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. 63 ഗോളുകള്‍ നേടിയ നൈജീരിയന്‍ സ്ട്രൈക്കര്‍ ബര്‍ത്തലോമിയോ ഓഗ്ബചേയെ മറികടന്നുകൊണ്ടാണ് ഛേത്രി ചരിത്രം കുറിച്ചത്. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി, മുംബൈ സിറ്റി, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകൾക്ക് വേണ്ടിയാണ് നൈജീരിയൻ താരം ബൂട്ട് കെട്ടിയത്.
ഐ.എസ്.എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം, ഗോളുകളുടെ എണ്ണം എന്നീ ക്രമത്തില്‍
സുനില്‍ ഛേത്രി-64
ബര്‍ത്തലോമിയോ ഓഗ്ബചേ-53
റോയ് കൃഷ്ണ-56
ഫെറാന്‍ കൊറോമിനാസ്-48
ഡീഗോ മൗറീഷ്യ-40
അതേസമയം ഛേത്രിക്ക് പുറമെ ആദ്യ പകുതിയില്‍ തന്നെ ബെംഗളൂരു രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്നിരുന്നു. ഒമ്പതാം മിനിട്ടില്‍ തന്നെ എഡ്ഗര്‍ മെന്‍ഡസിലൂടെയാണ് ബെംഗളൂരു ആദ്യ ഗോള്‍ നേടിയത്. പിന്നീട് 20ാം മിനിട്ടില്‍ സുരേഷ് സിങ് വാങ്‌ജോയും ലക്ഷ്യം കണ്ടു. ഒടുവില്‍ ഇന്ത്യന്‍ ഇതിഹാസത്തിന്റെ ഗോളും വന്നതോടെ മത്സരം പൂര്‍ണമായും ആതിഥേയര്‍ സ്വന്തമാക്കുകയായിരുന്നു.
നിലവില്‍ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബെംഗളൂരു. മറുഭാഗത്ത് മൂന്ന് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും സമനിലയും തോല്‍വിയുമായി നാല് പോയിന്റുമായി ആറാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍.
ഒക്ടോബര്‍ രണ്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയെയാണ് ബെംഗളൂരു നേരിടുക. എതിരാളികളുടെ തട്ടകമായ മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം നടക്കുക. അന്നേദിവസം തന്നെ നടക്കുന്ന എ.എഫ്.സി കപ്പില്‍ ഇറാനിയന്‍ ക്ലബ്ബ് ട്രക്ടറിനെതിരെയാണ് മോഹന്‍ ബഗാന്റെ അടുത്ത മത്സരം. ട്രക്ടറിന്റെ തട്ടകമായ യാദേഗര്‍ ഇ ഇമാം സ്റ്റേഡിയമാണ് വേദി.
Content Highlight: Sunil Chethri Create a New Record in ISL