ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സുനില്‍ അറോറയെ നിയമിച്ചു
national news
ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി സുനില്‍ അറോറയെ നിയമിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2018, 8:53 am

ന്യൂദല്‍ഹി: സുനില്‍ അറോറയെ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി രാഷ്ട്രപതി നിയമിച്ചു. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്.

നിലവില്‍ തെരഞ്ഞെടുപ്പ് കമീഷണര്‍മാരില്‍ ഒരാളായ സുനില്‍ അറോറ, സ്ഥാനമൊഴിയുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഒ.പി. റാവത്തിനു പകരമായി ഡിസംബര്‍ രണ്ടിനു ചുമതലയേല്‍ക്കും. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്റെ കീഴിലായിരിക്കും നടക്കുക.

Read Also : #KeralaHoaxBurst ശബരിമലയിലെ അതിമാരക വിഷപ്പാമ്പ് വാര്‍ത്തയിലെ സത്യാവസ്ഥ എന്ത്

രാജസ്ഥാനില്‍ വസുന്ധര രാജെ ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്നു സുനില്‍ അറോറ.

കഴിഞ്ഞ വര്‍ഷം നസീം സെയ്ദി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സ്ഥാനത്തുനിന്നു വിരമിച്ച ഒഴിവിലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ അറോറ തെരഞ്ഞെടുപ്പ് കമീഷനില്‍ എത്തുന്നത്. രാജസ്ഥാന്‍ കേഡറില്‍നിന്നുള്ള 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അറോറ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് തലവനായിരുന്നു.

ധനകാര്യം, ടെക്‌സ്‌റ്റൈല്‍, ആസൂത്രണ കമീഷന്‍ എന്നീ മന്ത്രാലയങ്ങളിലും പ്രവര്‍ത്തിച്ച സുനില്‍ അറോറ ഇന്ത്യന്‍ എയര്‍ലൈന്‍സ് സി.എം.ഡിയായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.