സുപ്രീംകോടതി വിധിപ്രകാരം വാഹനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട സണ്‍ഫിലിമുകള്‍ വീണ്ടും തിരികെയെത്തുകയാണ്. 2012-ലെ സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ടാണ് വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങളില്‍ സണ്‍ഫിലിമുകള്‍ ഒട്ടിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 2012-ല്‍ 1989-ലെ മോട്ടോര്‍ വെഹിക്കിള്‍സ് ആക്ടിന്റെ ചുവട് പിടിച്ചാണ് വാഹനങ്ങളില്‍ സണ്‍ഫിലിം പാടില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുന്നത്.
സണ്‍ഫിലിമോ നിറമുള്ള ഗ്ലാസോ ഉപയോഗിക്കുന്നത് വാഹനങ്ങള്‍ക്ക് ഉള്ളിലുള്ള കാഴ്ച തടസ്സപ്പെടുത്തുന്നു എന്ന് കണ്ടാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ സെക്ഷന്‍ 100(2) പ്രകാരം വാഹനങ്ങളിലെ പിറകിലും മുന്‍പിലുമായുള്ള വിന്‍ഡോ സ്‌ക്രീനുകള്‍ 70 ശതമാനത്തോളം വാഹനത്തിന്റെ ഉള്ളിലേക്കുള്ള കാഴ്ച അനുവദിക്കുന്നതായിരിക്കണം. അതുപോലെതന്നെ, വശങ്ങളില്‍ ഉള്ള ഗ്ലാസ്സുകളിലൂടെയുള്ള കാഴ്ച 50 ശതമാനത്തോളവും ആയിരിക്കണം.
കേരളത്തില്‍ ചൂട് കൂടി വരുന്നതാണ് ഇത്തരത്തില്‍ സണ്‍ഫിലിമുകള്‍ക്ക് പുറകെ വാഹന ഉടമകള്‍ പോകാന്‍ കാരണം എന്നാണു വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളുടെ ഉടമകള്‍ പറയുന്നത്. നിറമുള്ളതായ, കൂടുതലും നീലയും പച്ചയും നിറം കലര്‍ന്ന സണ്‍ഫിലിമുകളാണ് വാഹന ഉടമകള്‍ ഉപയോഗിക്കുന്നത്. ഇത്തരം നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാറിനകത്ത് ചൂട് കൂടുന്നത് തടയാം എന്നതാണ് ഇത്തരം സണ്‍ഫിലിമുകളുടെ മേന്മ.
ചിലര്‍ ഇതിനായി കറുത്ത നിറമുള്ള സണ്‍ഫിലിമുകളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കറുത്ത നിറത്തിലുള്ള സണ്‍ഫിലിമുകളോ അതുപോലെ കാറിന്റെ ഉള്‍ഭാഗം മറയുന്ന തരത്തിലുള്ള സണ്‍ഫിലിമുകളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോള്‍ തന്നെ ഭൂരിഭാഗം കാറുടമകളും സണ്‍ഫിലിമുകളെ ആശ്രയിക്കുന്നുണ്ട്. നിയമവിരുദ്ധമാണെന്ന് അറിവ് ഉണ്ടായിരുന്നിട്ടും കാര്‍ ആക്‌സസ്സറി ഷോപ്പുകള്‍ ഇവ വ്യാപകമായിത്തന്നെ വിറ്റഴിക്കുന്നുണ്ട്. എന്നാല്‍ നിയമവിധേയമായി, ഉന്നതനിലവാരമുള്ള, കാറിന്റെ ഉള്‍ഭാഗം മറയ്ക്കാത്ത രീതിയിലുള്ള സണ്‍ഫിലിമുകള്‍ ഒട്ടിച്ച് കൊടുക്കുന്ന കടകളും ഉണ്ട്.
‘കടയില്‍ ഒട്ടിച്ച് കൊടുക്കുന്ന സണ്‍ഫിലിമുകള്‍ 90 ശതമാനം വിസിബിലിറ്റിയും, 70 ശതമാനം ഹീറ്റ് റെസിസ്റ്റന്‍സും ഉള്ള സണ്‍ഫിലിമുകളാണ് ഞങ്ങള്‍ ഒട്ടിച്ച് കൊടുക്കാറ്. വണ്ടി എങ്ങനെയാണോ അത് പോലെ തന്നെയാകും ഉണ്ടാകുക. ഉള്‍വശം മറയ്ക്കപ്പെടാറില്ല.അതിന് പല പ്രശ്‌നങ്ങളുണ്ട്. അത് ഒട്ടിച്ച് കാറില്‍ പോയി കഴിഞ്ഞാല്‍ പൊലീസ് പിടിക്കും.നിങ്ങളുടെ കയ്യില്‍ നിന്നും ഫൈനായി പൈസയും വാങ്ങും. എന്നാല്‍ പലരും ഇത് കാര്യമാക്കാതെ ഗുണമേന്മ കുറഞ്ഞ സണ്‍ഫിലിമുകള്‍ തന്നെ ഉപയോഗിക്കാന്‍ തയാറാവുകയാണ്.’ എറണാകുളത്ത് കാക്കനാട് കാര്‍ ആക്സസറീസ് വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോണി പറയുന്നു.
‘കറുത്ത നിറത്തിലും മറ്റ് നിറങ്ങളിലുമുള്ള സണ്‍ഫിലിമുകളും, വാഹനത്തിന്റെ ഉള്‍വശം കാണാന്‍ പറ്റാത്ത രീതിയിലുള്ള സ്റ്റിക്കറുകളും ഒട്ടിച്ച് നല്‍കുന്ന ഇഷ്ടം പോലെ കടകളുണ്ട് ഇവിടെ. ഗുണമേന്മ കൂടുതലുള്ള ഫിലിമുകള്‍ക്ക് വില കൂടുതലാണ് 4000 മുതല്‍ 5000 വരെ വില വരുന്ന ഫിലിമുകളാണ് ഞങ്ങള്‍ ഒട്ടിക്കുന്നത്. എന്നാല്‍ ക്വാളിറ്റി കുറഞ്ഞ ഫിലിമുകള്‍ക്ക് 1500 മുതല്‍ 2000 രൂപ വരെയേ ആകുന്നുള്ളു. കാറുടമകള്‍ ഇവരെ സമീപിക്കാന്‍ ഇതും ഒരു കാരണമാണ്. മാത്രമല്ല ഇത്തരം ഫിലിമുകള്‍ അധികം ചൂട് തടയുകയുമില്ല.’ ജോണി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഇക്കാര്യത്തെ കുറിച്ചന്വേഷിക്കാന്‍ ഡൂള്‍ന്യൂസ് എറണാകുളത്തെ ഏതാനും കാര്‍ ആക്സസറീസ് ഷോപ്പുകളുടെ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ പേരും പ്രതികരിക്കാന്‍ തയാറായില്ല. തങ്ങള്‍ക്ക് ഇതിനെ കുറിച്ച് വലിയ അറിവില്ലെന്നും, സണ്‍ ഫിലിമുകള്‍ പലരും ഒട്ടിക്കാറുണ്ടെങ്കിലും തങ്ങളെ ആരും സമീപിക്കാറില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്. ചൂടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഒരു പ്രശ്‌നം ഉണ്ടോ എന്ന് തങ്ങള്‍ക്ക് അറിവില്ലെന്നും ഇവര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഈ വിഷയത്തില്‍ കേരളത്തില്‍ ഏറ്റവും കൃത്യമായി ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യുന്നതില്‍ എറണാകുളം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് കാര്യക്ഷമമാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.’ എറണാകുളം റോഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോജി പി. ജോസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
സുപ്രീം കോടതി വിധി ലംഘിച്ച്‌കൊണ്ട്, സണ്‍ഫിലിം ഒട്ടിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ അടുത്തിടെയായി കാര്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്നാണ് മോട്ടോര്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. നിയമം അനുസരിച്ച് വാഹനങ്ങളുടെ ഉള്ളിലേക്ക് പൂര്‍ണ്ണമായ കാഴ്ച അനുവദിക്കുന്ന തരത്തിലുള്ള ഗ്ലാസുകളാണ് ഉപയോഗിക്കേണ്ടത്. ഇത് പാലിക്കാത്തത് സുപ്രീം കോടതി വിദ്യയുടെയും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റിന്റെയും ലംഘനമായി കണക്കാക്കപ്പെടും. മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍, ഇത്തരത്തില്‍ സണ്‍ഫിലിമുകള്‍ ഒട്ടിച്ച വാഹനങ്ങള്‍ക്കെതിരെ ഇനിയും മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുത്ത് തുടങ്ങിയിട്ടില്ല. ഇത്തരം വാഹനങ്ങളെ തങ്ങള്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ച് തുടങ്ങുമെന്നും അധികൃതര്‍ പറയുന്നു.
WATCH THIS VIDEO: