| Friday, 27th August 2021, 2:06 pm

ആണ്‍കോയ്മയുടെ സൈബര്‍ വഴിത്താരകള്‍ | സുനീത ടി.വി.

സുനീത ടി.വി.

നിരന്തരമായി പരിണമിച്ചു കൊണ്ടിരിക്കുന്നതും, ജീവിതത്തിലെയും സമൂഹത്തിലെയും അടിസ്ഥാന സ്വഭാവങ്ങളും അധികാര ബന്ധങ്ങളും പ്രതിഫലിപ്പിക്കുന്നതുമായ ജൈവികവ്യവഹാരമാണ് ഭാഷ. അതിനാല്‍ത്തന്നെ ഭാഷാ പഠനങ്ങള്‍ സമൂഹപഠനങ്ങളും കൂടിയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കിങ്ങോട്ടുള്ള കാലഘട്ടത്തിന്റെ സ്വഭാവത്തെ നിര്‍ണയിക്കുന്ന ഏറ്റവും പ്രധാന ഘടകങ്ങള്‍ ആഗോളവത്ക്കരണം, സാങ്കേതികവിദ്യ, മാധ്യമങ്ങള്‍ എന്നിവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ വിനോദോപാധി ടെലിവിഷന്‍ ആയിരുന്നു.

സാമൂഹ്യഭാഷാ ശാസ്ത്രജ്ഞനായ വില്യം ലബോവും തുടര്‍ന്ന് മറ്റു നിരവധി പഠിതാക്കളും ടെലിവിഷന്‍ അവതാരകരുടെ ഭാഷയെപ്പറ്റി പഠനങ്ങള്‍ നടത്തുകയുണ്ടായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ആ സ്ഥാനത്തു നില്‍ക്കുന്നത് നവമാധ്യമങ്ങളാണ്. നവമാധ്യമങ്ങള്‍ വിനോദത്തിന് മാത്രമല്ല ആശയവിനിമയം, സ്വത്വ പ്രകാശനം, സ്വത്വനിര്‍ണ്ണയം എന്നിവയ്‌ക്കെല്ലാമുള്ള ഉപാധി കൂടിയായി തീര്‍ന്നിരിക്കുന്നു. നവമാധ്യമങ്ങളില്‍ പ്രത്യക്ഷമായ ഭാഷാമാറ്റങ്ങളെ പറ്റിയുള്ള ആദ്യകാലപഠനങ്ങള്‍ നിര്‍വഹിച്ചത് ഐറിഷ് ഭാഷാ ശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്റ്റലാണ്.

ചുരുക്കെഴുത്തുകള്‍; ഇമോജികള്‍, ചിഹ്നങ്ങള്‍, സ്റ്റിക്കറുകള്‍ എന്നിവകൂടി കലര്‍ത്തിയുള്ള ഭാഷാപ്രയോഗങ്ങള്‍; പുതിയ പദങ്ങള്‍; ലിപി, വ്യാകരണ, രൂപിമ തലങ്ങളിലെ ഭാഷാകലര്‍പ്പുകള്‍; ചിത്ര ഭാഷയുടെ ഉപയോഗം; വ്യാകരണ, സ്‌പെല്ലിംഗ് തലങ്ങളിലെ ഉപേക്ഷ തുടങ്ങി നിരവധി സവിശേഷതകള്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കാണാനാകും. അവ വിശദീകരിക്കല്‍ ഈ ലേഖനത്തിന്റെ ലക്ഷ്യമല്ലാത്തതിനാല്‍ അതിന് ഇവിടെ മുതിരുന്നില്ല.

സൈബര്‍ സംസ്‌കാരം

‘സംസ്‌കാരം’ എന്ന പദം കേന്ദ്രീകരിച്ച് ധാരാളം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട്. റെയ്മണ്ട് വില്യംസിന്റെ കീവേഡ്‌സ്(1976) , എ.എല്‍. ക്രോബറും ക്ലൈഡ്ക്ലക്ക് ഹോഹനും ചേര്‍ന്നെഴുതിയ കള്‍ച്ചര്‍: എ ക്രിട്ടിക്കല്‍ റിവ്യൂ ഓഫ് കോണ്‍സെപ്റ്റ്‌സ് ആന്‍ഡ് ഡെഫിനിഷന്‍സ്‌(1952) എന്നീ പുസ്തകങ്ങള്‍ നോക്കുക. (രവീന്ദ്രന്‍ പി.പി. 2013 :25 -27) ‘സമഗ്രജീവിതശൈലി’യും കൂട്ടായ ചിന്തയുടെ ഫലവുമാണ് സംസ്‌കാരം. അവ വ്യത്യസ്തതകളുടെയും വൈവിധ്യങ്ങളുടെയും മേളന സ്ഥലങ്ങളാണ്. എന്നാല്‍ ഭൂമിശാസ്ത്രപരമായ പരിധികള്‍ എല്ലാം മറികടന്ന് വിവിധ സംസ്‌കാരങ്ങള്‍ കൂടിക്കലരുകയും അതുവഴി ഒരു സവിശേഷ സാംസ്‌കാരികസ്ഥലിയായി രൂപപ്പെടുകയും ചെയ്ത/ചെയ്യുന്ന ഇടമാണ് സൈബര്‍സ്‌പേസ്.

ഈ ഇടത്തിലെ സംസ്‌കാരത്തെ ‘സൈബര്‍സംസ്‌കാരം’ എന്ന് വിളിക്കുന്നു. അതിന്റെ സവിശേഷതകളില്‍ ചിലത് ഇപ്രകാരമാണ് :-വിവരവിനിമയ സാങ്കേതികതകളാല്‍ നിയന്ത്രിക്കപ്പെടുന്ന സമൂഹത്തിന്റെ സംസ്‌കാരം, സ്‌ക്രീനുകളാല്‍ നിയന്ത്രിക്കപ്പെടുന്നു, ഉപകരണങ്ങളെ കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള കഴിവിനെ ആശ്രയിക്കുന്നു, വിസ്തൃതവും അയഞ്ഞതുമായ ബന്ധങ്ങളെ അനുവദിക്കുന്നു, പങ്കാളിത്തം സാധ്യമാക്കുന്നു, ഭൂമിശാസ്ത്രപരമെന്നതിനേക്കാള്‍ ബൗദ്ധികവും സാമൂഹ്യവുമാണ്, ലോലമാണ് … (സുനീത ടിവി 2015 -43).

അമേരിക്കയിലെ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, ‘ഫാളിംഗ് ട്രൂ ദ നെറ്റ്’ എന്ന പേരില്‍ വിപുലമായ ഒരു പഠനം നടത്തുകയുണ്ടായി. ഡിജിറ്റല്‍ ഡിവൈഡിനെ പറ്റി വിശദമായി പഠിച്ചു കൊണ്ട് അവര്‍ വര്‍ഗ്ഗം, വംശം, ലിംഗം, പ്രായം, സ്ഥലം, വിദ്യാഭ്യാസം എന്നിവയെല്ലാം ഓണ്‍ലൈന്‍ ലഭ്യതയുടെ കാര്യത്തില്‍ നിര്‍ണായക ഘടകങ്ങളാണ് എന്നും ഇവയുടെ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ് എന്നുമാണ് കണ്ടെത്തിയത്. സമൂഹത്തിലെ അധികാര ബന്ധങ്ങളും വിവേചനങ്ങളും ഇന്റര്‍നെറ്റില്‍ അതേപടി പുനരാവിഷ്‌കരിക്കപ്പെടുന്നു, ചിലപ്പോള്‍ കൂടുതല്‍ തീവ്രമായും.

സൈബര്‍ ഫെമിനിസം

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സൈബര്‍ ഫെമിനിസം എന്ന പദം ആദ്യമായി ഉപയോഗിച്ചവരില്‍ പ്രമുഖര്‍ വി.എന്‍.എസ് മാട്രിക്‌സ് എന്ന ഓസ്‌ട്രേലിയന്‍ മാധ്യമ- കലാ സംഘമാണ്. അധികാരഘടനകളും ക്രമമായ അടിച്ചമര്‍ത്തലും ഇന്റര്‍നെറ്റ് സാങ്കേതികതയും തമ്മിലുള്ള ബന്ധം വിമര്‍ശനാത്മകമായി സൈബര്‍ ഫെമിനിസം അപഗ്രഥിക്കുന്നു. ഡിജിറ്റല്‍ വ്യവഹാരങ്ങളില്‍ നിലനില്‍ക്കുന്ന ആണധികാരത്തെ ദൂരീകരിക്കുകയും സൈബറിടത്തെ സ്ത്രീശാക്തീകരണത്തിനുള്ള ഒരിടമായി മാറ്റിത്തീര്‍ക്കുകയും ചെയ്യണമെന്ന് സൈബര്‍ ഫെമിനിസ്റ്റുകളില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നു, അതിനായി പ്രവര്‍ത്തിക്കുന്നു.

സാങ്കേതികവിദ്യ സ്ത്രീവിമോചകമായി മാറണം. ‘സൈബര്‍ ഫെമിനിസത്തിലെ മൂന്ന് പ്രധാനമേഖലകള്‍ സര്‍ഗ്ഗാത്മകത, ബന്ധക്ഷമത, വിമര്‍ശനാത്മകത എന്നിവയാണ്. സര്‍ഗാത്മകത അതില്‍ ഏറ്റവും പ്രധാന ഘടകമാണ്…’ തോമസ് സ്‌കറിയ (2021:63) നിരീക്ഷിക്കുന്നു. സൈബര്‍ ഫെമിനിസത്തിന്റെ കേന്ദ്ര ഘടകം കണക്ടിവിറ്റിയാണ്-ആരുമായും എപ്പോള്‍ വേണമെങ്കിലും എവിടെവെച്ചും ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യവും. സാങ്കേതിക -മാധ്യമ മേഖലകള്‍ സ്ത്രീ അനുകൂലമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട് എന്ന് ഇവര്‍ നിരീക്ഷിക്കുന്നു.

വി.എന്‍.എസ് മാട്രിക്‌സ് എന്ന ഓസ്‌ട്രേലിയന്‍ മാധ്യമ- കലാ സംഘം

സ്വകാര്യജീവിതം ഓണ്‍ലൈനില്‍

ലോകം കൂടുതല്‍ക്കൂടുതലായി സ്വകാര്യജീവിതം ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. സ്പാനിഷ് സാമൂഹ്യ ശാസ്ത്രജ്ഞനും മാധ്യമ പഠിതാവുമായ മാനുവല്‍ കാസ്റ്റെല്‍സ് ഇതിനെ മാസ്സ് സെല്‍ഫ് കമ്മ്യൂണിക്കേഷന്‍ എന്ന് വിളിക്കുന്നു. സ്വകാര്യത, മനുഷ്യബന്ധങ്ങള്‍, സ്വത്വം, വിശ്രമസമയം, തൊഴില്‍, കുടുംബം തുടങ്ങിയവയെക്കുറിച്ചുള്ള സങ്കല്പങ്ങളൊക്കെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സെല്‍ഫോണ്‍ മാറ്റിമറിക്കുന്നു. സ്വകാര്യത പലപ്പോഴും അറിഞ്ഞും അറിയാതെയും കച്ചവടച്ചരക്ക് ആവുന്നു. ജനങ്ങളെ മുമ്പൊന്നുമില്ലാത്ത വിധം അന്തര്‍മുഖരാക്കുന്നു. ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിക്കാതെ സ്‌ക്രീനില്‍ തലപൂഴ്ത്തി ജീവിക്കുന്ന ഒരു സ്‌ക്രീന്‍ ജനതയെ അത് സൃഷ്ടിക്കുന്നു.

ഈ സൈബര്‍ വ്യവഹാരങ്ങളില്‍ സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും ഒക്കെ സജീവമായി മുഴുകുന്നു. പുറംലോകത്തെ പോലെ തന്നെ ആണധികാരമേഖലയായി സൈബര്‍സ്‌പേസും തുടരുകയാണ്. ഈ ഇടം സാധ്യമാക്കുന്ന സ്വത്വപ്രകാശനങ്ങളിലും, ആത്മാവിഷ്‌കാരങ്ങളിലും, ബന്ധ സ്ഥാപനങ്ങളിലും, കാമനാ പൂര്‍ത്തീകരണങ്ങളിലും ഒക്കെ എല്ലാവരും മുഴുകുന്നുണ്ടെങ്കിലും അവിടെ അതിശക്തമായ ആണധികാരവ്യവസ്ഥ പല മട്ടില്‍ സ്ഥൂലവും സൂക്ഷ്മവുമായി പ്രവര്‍ത്തിക്കുന്നു.

ആണുമായുള്ള ബന്ധത്തിലൂടെ നിര്‍വ്വചിക്കപ്പെടുന്ന ഒരു അപരസ്വത്വപദവിയാണ് സ്ത്രീക്കുള്ളത് എന്ന് സിമോണ്‍ ദി ബുവെ നിരീക്ഷിച്ചിട്ടുണ്ട്. ഈ അപരസ്വത്വപദവിയും ലിംഗപരമായ വാര്‍പ്പ് മാതൃകകളും ഗെയിമുകള്‍, ചാറ്റ് റൂമുകള്‍, ഉള്ളടക്കങ്ങള്‍, ചിത്രങ്ങള്‍, ട്രോളുകള്‍, പ്രതികരണങ്ങള്‍ എന്നിവയിലൂടെ ആവര്‍ത്തിച്ചു ഉറപ്പിക്കപ്പെടുന്നു. വീഡിയോകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വഴി ആഗ്രഹവസ്തുവും സങ്കീര്‍ണമായ വശീകരണവസ്തുവുമായി സ്ത്രീശരീരം വസ്തു വല്‍ക്കരിക്കപ്പെട്ട് അവതരിപ്പിക്കപ്പെടുന്നു. ഭാഷയിലൂടെ ഇത് കൂടുതല്‍ പ്രബലനം ചെയ്യപ്പെടുകയും ചെയ്യുന്നു.

സ്ത്രീക്കും പുരുഷനും ഇവിടെ വ്യത്യസ്ത മൂല്യസംഹിതകള്‍ (ഓഫ്ലൈന്‍ സമൂഹത്തിലെന്നപോലെ) നിലവിലുണ്ട്. പുരുഷന് സ്വാതന്ത്ര്യവും സ്ത്രീക്ക് മര്യാദയും ആണ് ഇവിടുത്തെ നിയമം. സ്വതന്ത്രമായി അഭിപ്രായം പറയുന്ന, സ്വയം ആവിഷ്‌കരിക്കുന്ന പുരുഷന്‍ ബഹുമാന്യനാവുന്നു. എന്നാല്‍ അതേ അഭിപ്രായം ഒരു സ്ത്രീ പറഞ്ഞാല്‍ ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും സ്ത്രീയെ ലൈംഗികതയും തെറിയും പറഞ്ഞ് അപമാനിച്ചതിന് എത്രയെങ്കിലും തെളിവുകള്‍ സൈബറിടത്തില്‍ നിന്ന് കണ്ടെത്താനാവും.

സ്ത്രീയുടെ ആശയത്തെ ആശയം കൊണ്ട് അല്ല മറിച്ച് ശരീരാധിഷ്ഠിതമായതും ലൈംഗികാതിക്രമസൂചനകള്‍ നിറഞ്ഞതുമായ ഭാഷകൊണ്ടും ഭീഷണികള്‍ കൊണ്ടുമാണ് കേരളീയപുരുഷന്‍ നേരിടുന്നത്. അന്യഭാഷാ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ട് ഏതാണ്ട് ഒരേ അഭിപ്രായമെഴുതിയ ചലച്ചിത്ര നിരൂപകരായ സ്ത്രീപുരുഷന്മാര്‍ തങ്ങള്‍ക്കു ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് കോഴിക്കോട് വെച്ച് ഞാനും കൂടി ഉള്‍പ്പെട്ട ഒരു പൊതുചര്‍ച്ചയില്‍ സംസാരിച്ചുകേട്ടത് ഒരു ഉദാഹരണം മാത്രം.

സുനീത ടി.വി.

പുരുഷന് അപൂര്‍വം ചില പ്രതികരണങ്ങള്‍ മര്യാദയോടു കൂടി ലഭിച്ചപ്പോള്‍, സ്ത്രീക്ക് അവളെ ഏതൊക്കെ രീതിയില്‍ റേപ്പ് ചെയ്യും എന്നതിന്റെ എണ്ണമറ്റ വര്‍ണ്ണനാ കമന്റുകളായിരുന്നത്രെ പ്രതികരണങ്ങള്‍. സ്ത്രീകള്‍ എപ്പോഴും അടക്കവും ഒതുക്കവും മിതത്വവും വിനയവും മര്യാദയും ഉള്ളവരായി കഴിയണമെന്ന അലിഖിത നിയമസംഹിതയാണ് ഈ തെറിവിളിയാട്ടങ്ങളിലൂടെ ആണുങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അതിനാല്‍ നിരവധി സ്ത്രീകള്‍ പങ്കാളിയുടെ കൂടെയുള്ള പ്രൊഫൈല്‍ പിക്ചര്‍ ഇട്ടും കുറഞ്ഞ സജീവത പുലര്‍ത്തിയും അതിശ്രദ്ധയോടെ സ്വയം സെന്‍സര്‍ഷിപ്പ് പുലര്‍ത്തിയും സൈബറിടത്തില്‍ ഇടപെടുന്നു. വെടി എന്ന പദമാണ് കേരളീയ പുരുഷന്റെ ഒരു പ്രിയപ്പെട്ട പദം. സെലിബ്രിറ്റികളായ സ്ത്രീകള്‍ എന്തെഴുതിയാലും പ്രസ്താവന ഇറക്കിയാലും അവര്‍ ഈ പദം വാരിവിതറുന്നത് കാണാം. പലരുടെയും വിവാഹം കഴിഞ്ഞാല്‍ ഇടുന്ന ഒരു നിരന്തരമായ കമന്റ് ‘ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിക്കപ്പെട്ടു’ എന്നതാണ് .

പുരുഷാധിപത്യത്തിന്റെ ചാവേറുകള്‍

സൈബര്‍ ഇടത്തില്‍ സ്ത്രീവിരുദ്ധ തെറികളും അശ്ലീലങ്ങളും ലൈംഗികാതിക്രമ ഭീഷണികളും വാരിവിതറുന്ന പുരുഷാധിപത്യത്തിന്റെ ചാവേര്‍ പ്പടയാളികളാണ് വലിയൊരുവിഭാഗം പുരുഷന്മാര്‍. ഇവിടെ അവര്‍ ഭാഷയെ ബോംബുകള്‍ പോലെ പൊട്ടിക്കുന്നു. വേഷപ്രച്ഛന്നരായോ, സ്വന്തം സ്വത്വം മറച്ചു വെച്ചോ, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്തിയോ ഒക്കെ അവര്‍ ഈ ഭാഷാബോംബുകള്‍ പൊട്ടിക്കുന്ന ചാവേറുകളായി പ്രവര്‍ത്തിക്കുന്നു. കേസ് നേരിട്ടാലും സ്വന്തം പ്രതിച്ഛായക്ക് നഷ്ടം സംഭവിച്ചാലും ഒന്നും ഇവിടെ പ്രശ്‌നമേയല്ല. അല്ലെങ്കിലും പുരുഷന് എന്ത് പ്രതിഛായാ നഷ്ടം? പ്രതിച്ഛായകള്‍ സ്ത്രീകള്‍ക്കുള്ളതാണ്.

ജീവിതം മുഴുവന്‍ ബലികൊടുത്ത് സംരക്ഷിക്കേണ്ട ഈ പ്രതിച്ഛായകളെ തൃണവത്ഗണിച്ച് ഇടപെടുന്ന, എണ്ണത്തില്‍ കുറവെങ്കിലും ഉശിരത്തികളായ, പെണ്ണുങ്ങള്‍ ഉണ്ട് എന്നതാണ് ആശ്വാസകരമായ കാഴ്ച. എന്നാലും ഭാഷാബോംബുകള്‍ പൊട്ടിത്തെറിച്ചു കൊല്ലപ്പെടുന്നവരും അപ്രത്യക്ഷരാകുന്നവരും നിശ്ശബ്ദരാക്കപ്പെടുന്നവരും സ്വയം സെന്‍സറിംഗിന് വിധേയരാവുന്നവരും സ്ത്രീകളാണ്.

സൈബര്‍ ഇടത്തിലെ ഈ ഭാഷാതിക്രമങ്ങള്‍ നേരിടാനും തടയാനും ഇനി അഥവാ തടയാന്‍ സാധിച്ചില്ലെങ്കില്‍ നാം കോവിഡിനൊപ്പം ജീവിക്കാന്‍ പഠിച്ച പോലെ ആണ്‍തെറികള്‍ക്കിടയില്‍ സധൈര്യം ജീവിക്കാനും സ്ത്രീകള്‍ പരിശീലിക്കണം. അതിനൊക്കെ ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ച് നടന്നുവരുന്ന; അവയെ നിയമപരമായോ വ്യക്തിപരമായോ അമര്‍ച്ച ചെയ്യാന്‍ ശേഷിയുള്ള ഭാഷാപടനായികമാരായി സ്ത്രീകള്‍ സൈബറിടത്തില്‍ വിലസട്ടെ! അവരുടെ ആഹ്ലാദങ്ങളും താന്‍പോരിമയാര്‍ന്ന അഭിപ്രായപ്രകടനങ്ങളും ബൗദ്ധിക ഇടപെടലുകളും കൊണ്ട് മുഖരിതമാവട്ടെ, സൈബര്‍ വഴിത്താരകള്‍ !

സഹായക സ്രോതസ്സുകള്‍

1) രവീന്ദ്രന്‍, പിപി 2013. സംസ്‌കാരപഠനം: ഒരു ആമുഖം. സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം.
2)സുനീത, ടിവി 2015. സൈബര്‍ കഥകളിലെ സ്ത്രീ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
3)തോമസ് സ്‌കറിയ 2021, പ്രിന്‍സ് മോന്‍ ജോസഫ്. സൈബര്‍ ആകാശം: സാഹിത്യവും സംസ്‌കാരവും. ഫോസബ് ബുക്‌സ്, കോട്ടയം.
4) വിവിധ സാമൂഹ്യമാധ്യമങ്ങള്‍

കടപ്പാട്: സംഘടിത മാസിക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Suneetha tv writes about cyber space and masculinity

സുനീത ടി.വി.

തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക

We use cookies to give you the best possible experience. Learn more