| Thursday, 2nd March 2017, 7:54 pm

' മകളേ തെറ്റു പറ്റിയത് നിനക്കാണ്, ദൈവത്തിന് മുന്നില്‍ ആദ്യം നീയായിരിക്കും കുറ്റം ഏറ്റുപറയേണ്ടി വരിക' : കൊട്ടിയൂര്‍ പീഡന കേസിലെ ഇരയെ അധിക്ഷേപിച്ച് സണ്‍ഡേ ശാലോം മാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിക്കുകയും ഗര്‍ഭിണിയാവുകയും ചെയ്ത പതിനാറുകാരിയ്‌ക്കെതിരെ വിമര്‍ശനവുമായി സണ്‍ഡേ ശാലോം മാസിക. കാത്തോലിക സഭയുടെ ഓദ്യോഗിക മാസികയാണ് സണ്‍ഡേ ശാലോം. ” വൈദികന് നേരെ ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ ” എന്ന ലേഖനത്തിലാണ് പെണ്‍കുട്ടിയെ അധിക്ഷേപിച്ചിരിക്കുന്നത്.

“മോളേ നിനക്കും തെറ്റു പറ്റി, നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടി വരിക.” എന്നാണ് ലേഖനത്തില്‍ പറയുന്നത്. ” കുഞ്ഞേ ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു? വൈദികനും ജഡിക ശരീരം ഉള്ള വ്യക്തിയാണ്, പ്രലോഭനങ്ങള്‍ സംഭവിക്കാവുന്നതാണ്.” എന്ന് പറഞ്ഞ് വൈദികനെ ന്യായീകരിക്കാന്‍ ലേഖനം ശ്രമിക്കുന്നുണ്ട്.


Also read അന്നു രാവിലെ പരിശീലനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു; ; വിരമിക്കലിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി സച്ചിന്‍


സ്‌നേഹത്തോടെയോ കര്‍ക്കശമായോ ആ വൈദികനെ നിനക്ക് തിരുത്തി കൂടായിരുന്നോ എന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. കൊട്ടിയൂര്‍ പീഡനത്തില്‍ വൈദികനായ റോബിന്‍ വടക്കഞ്ചേരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലുള്‍പ്പടെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ലേഖനം.

ഒരു വൈദികന്‍ ചെയ്ത വലിയ തെറ്റുമൂലം വൈദിക സമൂഹത്തെയാകെ അടച്ചാക്ഷേപികാനുള്ള വേദിയാക്കി സോഷ്യല്‍ മീഡിയ ഇന്ന് മാറിയിരിക്കുന്നുവെന്നാണ് ലേഖനത്തില്‍ പറയുന്നത്. വൈദികരും മനുഷ്യരാണ്, അവര്‍ സ്വീകരിച്ചിരിക്കുന്ന വിളി അവരെ മനുഷ്യരേക്കാള്‍ ശ്രേഷ്ഠരാക്കുന്നു. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. ഓരോ വിശ്വാസികളുടേയും ജനനം മുതല്‍ മരണം വരെ അവനെ ദൈവത്തിലൂടെ വഴി നടത്തുന്ന വൈദികരില്‍ ചിലര്‍ ചെയ്യുന്ന തെറ്റിന് സമൂഹം മുഴുവന്‍ ശിക്ഷിക്കപ്പെടുന്നത് യുക്തമല്ലെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നു.

ഒന്നോ രണ്ടോ വൈദികന്‍ തെറ്റ് ചെയ്താല്‍ മറ്റെല്ലാ വൈദികരേയും അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ക്രൈസ്തവരെ ഒന്നടങ്കമാണ് വേദനിപ്പിക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

ലേഖനത്തിലെ പെണ്‍കുട്ടിയ്‌ക്കെതിരായുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിവാദമായ ഭാഗം ലേഖനത്തില്‍ നിന്നും എടുത്തു മാറ്റിയിട്ടുണ്ട്. സണ്‍ഡേ ശാലോമിന്റെ വെബ് സൈറ്റില്‍ ലേഖനം ഇപ്പോളും ലഭ്യമാണ്.

We use cookies to give you the best possible experience. Learn more