| Saturday, 1st October 2022, 8:43 pm

'ലഹരി വിരുദ്ധ ബോധവല്‍ക്കരണം ഞായറാഴ്ച പറ്റില്ല'; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലഹരി ബോധവത്കരണം നടത്തുന്നതിനെതിരെ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റി ആചരിക്കണം എന്നാണ് സഭയുടെ നിര്‍ദേശം.

ഒക്‌ടോബര്‍ രണ്ട് ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലഹരി ബോധവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തി ദിവസം ആക്കുവാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് സ്വന്തം മാനേജ്‌മെന്റ് കീഴിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുള്ള പ്രതിഷേധം.

ക്രൈസ്തവര്‍ വിശുദ്ധമായി കണക്കാക്കുന്ന ഞായറാഴ്ച പ്രവര്‍ത്തി ദിവസമാക്കുവാനുള്ള പ്രവണത അടുത്ത കാലത്തായി വര്‍ധിച്ചു വരുന്നു. ഇത് ഭരണഘടന അനുവദിച്ചു തരുന്ന മത സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നായിരുന്നു സഭയുടെ ആരോപണം.

സര്‍ക്കാര്‍ തീരുമാനത്തില്‍ കെ.സി.ബി.സിയും വിയോജിപ്പ് രേഖപ്പെടുത്തി. മതപരമായ പരീക്ഷകളും ചടങ്ങുകളും ഒഴിവാക്കാനാകില്ലെന്നും കെ.സി.ബി.സി വ്യക്തമാക്കി. കത്തോലിക്കാ രൂപതകളില്‍ വിശ്വാസത്തിന്റെ ഭാഗമായുള്ള പരിക്ഷകളും ഉണ്ട്. ഞായറാഴ്ച വിശ്വാസപരമായ കാര്യങ്ങള്‍ക്ക് നീക്കിവയ്ക്കണം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവല്‍കരണ പരിപാടി മറ്റൊരു ദിവസം ആചരിക്കണമെന്നാണ് കെ.സി.ബി.സിയും ആവശ്യപ്പെടുന്നത്.

മാര്‍ത്തോമ സഭയും ഞായറാഴ്ച ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ ആചരിക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികള്‍ ഞായറാഴ്ച വിശുദ്ധ ദിനമായാണ് കണക്കാക്കുന്നത്. ലഹരിവിരുദ്ധ പരിപാടിക്കായി ഞായറാഴ്ച തന്നെ തെരഞ്ഞെടുത്തത് വേദനാജനകമാണ്. ഇത് കണക്കിലെടുത്ത് ഞായറാഴ്ചയിലെ ലഹരി വിരുദ്ധ പരിപാടി മാറ്റിവയ്ക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലഹരി വിമുക്ത ക്യാമ്പയിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും മാര്‍ത്തോമാ സഭ വ്യക്തമാക്കി.

അതിനിടെ, സര്‍ക്കാരിന് വൈരാഗ്യബുദ്ധിയോ നിര്‍ബന്ധ ബുദ്ധിയോ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. നാളത്തന്നെ പരിപാടി നിശ്ചയിച്ചത് ഗാന്ധി ജയന്തിയെന്ന ദിനത്തിലെ പ്രാധാന്യം കണക്കാക്കി മാത്രമാണെന്നും, പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് സന്ദേശവുമായി പരമാവധി സഹകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ബോധവത്കരണം നാളെക്കൊണ്ട് തീരുന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച തുടക്കമാകും. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഒക്ടോബര്‍ രണ്ടിന്റെ ഉദ്ഘാടന പരിപാടി നടക്കും. രാവിലെ 9.30നാണ് പരിപാടി തുടങ്ങുക. 10 മണിക്ക് സംസ്ഥാനത്തെ എല്ലാ കേന്ദ്രങ്ങളിലെയും പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

Content Highlight: Sunday holiday announced for schools under the Orthodox Church against State Government’s Anti Drug Campaign

We use cookies to give you the best possible experience. Learn more