പാലക്കാട്: അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞ് കൊടുത്തത് പ്രകാരമാണ് എം. സുന്ദരമൂര്‍ത്തി തനിക്കെതിരെ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയതെന്ന എളമരം കരീമിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. മജിസ്‌ട്രേറ്റിന് മൊഴി നല്‍കുന്നതിന് മുമ്പായി സുന്ദരമൂര്‍ത്തി മലബാര്‍ സിമന്റ്‌സ് എം.ഡി കെ. പത്മകുമാറിന് നല്‍കിയ ഔദ്യോഗിക വിശദീകരണത്തിലാണ് എളമരം കരീം പണമടങ്ങിയ പാഴ്‌സല്‍ കൈപറ്റിയെന്ന് വ്യക്തമാക്കുന്നത്.
കൊലക്കേസ് ചുമത്തി അകത്താക്കുമെന്ന സി.ബി.ഐയുടെ ഭീഷണിക്ക് മുന്നില്‍ നിസ്സഹായനായ സുന്ദരമൂര്‍ത്തി കേസില്‍ മാപ്പ് സാക്ഷിയാവാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയതെന്നായിരുന്നു എളമരം കരീം ആരോപണം ഉന്നയിച്ചിരുന്നത്.
കരീം പണം കൈപറ്റിയെന്ന മുന്‍ എം.ഡി സുന്ദരമൂര്‍ത്തിയുടെ വിശദീകരണം എം.ഡി പത്മകുമാര്‍ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥനായ നന്ദ കുമാറിന് സമര്‍പ്പിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് സി.ബി.ഐ ഇത് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് സുന്ദരമൂര്‍ത്തിക്ക് മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കേണ്ട സാഹചര്യം വന്നത്.
164 പ്രകാരമാണ് സുന്ദരമൂര്‍ത്തി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിരുന്നത്. ഇത് വ്യക്തമാക്കുന്നത് കരീം പണം കൈപറ്റിയെന്ന് സുന്ദരമൂര്‍ത്തി നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു എന്നാണ്.
എളമരം കരീമിന് വ്യവസായ മന്ത്രിയായിരിക്കെ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍ പണം നല്‍കിയെന്നും അഴിമതിയും ക്രമക്കേടും നടത്താന്‍ കരീമും രാധാകൃഷ്ണനും സമ്മര്‍ദ്ദം ചെലുത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സുന്ദരമൂര്‍ത്തി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നല്‍കിയിരുന്നത്.