World News
ഗൂഗിളില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് സുന്ദര്‍ പിച്ചെ; കാര്യക്ഷമത വര്‍ധിപ്പിക്കാനെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 20, 04:11 pm
Friday, 20th December 2024, 9:41 pm

ന്യൂദല്‍ഹി: ഗൂഗിളില്‍ പിരിച്ചുവിടലിനൊരുങ്ങി സി.ഇ.ഒ സുന്ദര്‍ പിച്ചെ. കാര്യക്ഷമത വര്‍ധിപ്പിക്കാനാണ് മാനേജര്‍ റോളുകളുടെ പത്ത് ശതമാനവും വൈസ് പ്രസിഡന്റ് തലത്തിലുള്ള റോളുകളും വെട്ടികുറയ്ക്കുന്നതെന്നാണ് സുന്ദര്‍ പിച്ചെയുടെ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ സ്ട്രാറ്റജികള്‍ക്കൊപ്പം പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമാണ് വിപുലമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും പിച്ചെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഗൂഗിളിന്റെ നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാരെ കാര്യക്ഷമമാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പറയുന്നത്.

കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ഗൂഗിള്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്നും പിച്ചെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി മനേജര്‍, ഡയറക്ടര്‍, വൈസ് പ്രസിഡന്റ് റോളുകളില്‍ പത്ത് ശതമാനം കുറവ് വരുത്തിയതായി പിച്ചെ പറഞ്ഞതായും ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യാനുള്ള നിരന്തരമായ ശ്രമമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെര്‍ച്ചിങ്ങില്‍ ഓപ്പണ്‍ എ.ഐ പോലുള്ള എ.ഐ കേന്ദ്രീകൃത കമ്പനികളില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളില്‍ നിന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള നീക്കമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം ഗൂഗിളിന്റെ കോര്‍പ്പറേറ്റ് കള്‍ച്ചറിനെ കുറിച്ചും ഗൂഗ്‌ളിനെസിനെ കുറിച്ചും പിച്ചെ ചര്‍ച്ച നടത്തി. കമ്പനികളോട് കിടപിടിക്കുന്നതിനും മത്സരിക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമാണെന്നും പിച്ചെ പറയുന്നു.

അതേസമയം ഒരു വര്‍ഷമായി പ്രമുഖ ടെക് കമ്പനികള്‍ നടപ്പിലാക്കിയ വിപുലമായ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് നിലവിലെ പുനഃക്രമീകരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും പണപ്പെരുപ്പത്തില്‍ നിന്നും ഗൂഗിളും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഗൂഗിള്‍ പിരിച്ചുവിടലുകള്‍ നടത്തുന്നത് ആദ്യമായല്ല. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി രണ്ട് വര്‍ഷത്തിലേറെയായി ഗൂഗിള്‍ ശ്രമിച്ചുവരികയാണ്. ഇതുവരെ 12000 പേര്‍ക്ക് തൊഴില്‍ ഇല്ലാതായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: Sundar Piche announces layoffs at Google; Report to increase efficiency