| Thursday, 13th June 2019, 9:26 pm

2019 ലോകകപ്പ് ആര്‍ക്ക്; ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചെെ പ്രവചിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

വാഷിങ്ടണ്‍: 2019 ലോകകപ്പ് ഫൈനല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിചെെയുടെ പ്രവചനം. അവസാന ജയം ഇന്ത്യക്കായിരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും വാഷിങ്ടണില്‍ നടന്ന യു.എസ്.ഐ.ബി.സി ഉച്ചകോടിയില്‍ പിച്ചെെ പറഞ്ഞു.

അമേരിക്കന്‍ വിദേശകാര്യ മന്ത്രി മൈക് പോംപിയോ ഉള്‍പ്പടെയുള്ളവര്‍ വേദിയിലിരിക്കെയായിരുന്നു പിച്ചെെയുടെ പ്രവചനം.

‘ഐ.സി.സി ലോകകപ്പ് ഫൈനല്‍ മത്സരം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കണം. എന്നാല്‍ നിങ്ങള്‍ക്കറിയാമല്ലോ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയവരൊക്കെ മികച്ച ടീമാണ്..’- എന്നായിരുന്നു പിച്ചെെ പറഞ്ഞത്.

ക്രിക്കറ്റിനോടുള്ള തന്റെ താല്‍പര്യം പിച്ചെെ മുമ്പും വ്യക്തമാക്കിയതാണ്. അമേരിക്കയില്‍ എത്തിയതിന് ശേഷം താന്‍ ആദ്യമായി ബേസ്‌ബോള്‍ കളിച്ച അനുഭവവും പിച്ചെെ സദസ്സിനോടു പങ്കു വെച്ചു.

അതേസമം ഇന്നത്തെ ഇന്ത്യാ-കിവീസ് മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. വൈകീട്ട് ഏഴരയോടെ ഗ്രൗണ്ട് പരിശോധിച്ച ശേഷമാണ് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം നല്‍കിയിട്ടുണ്ട്.

മഴ മൂലം ഉപേക്ഷിക്കുന്ന ലോകകപ്പിലെ നാലാമത്തെ മത്സരമാണ് ഇത്. നേരത്തെ, പാക്കിസ്ഥാന്‍- ശ്രീലങ്ക, ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക- ബംഗ്ലാദേശ് എന്നീ മത്സരങ്ങളും ഉപേക്ഷിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മല്‍സരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ ലോകകപ്പില്‍ ശ്രീലങ്കയുമായുള്ള മത്സരമാണ് ഉപേക്ഷിക്കേണ്ടി വന്നിരുന്നത്.

We use cookies to give you the best possible experience. Learn more