| Saturday, 16th November 2024, 5:17 pm

അന്‍പേ ശിവം നല്ലതാണെന്ന് ആളുകള്‍ ഇപ്പോള്‍ പറയുമ്പോള്‍ ദേഷ്യം വരും; ഒരുപാട് വേദനകള്‍ സമ്മാനിച്ച ചിത്രം: സുന്ദര്‍ സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സുന്ദര്‍ സി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്‍പേ ശിവം. കമല്‍ ഹാസന്റെ തിരക്കഥക്ക് മദനാണ് സംഭാഷങ്ങള്‍ തയ്യാറാക്കിയത്. നല്ലശിവമായി കമല്‍ ഹാസന്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ അന്‍പരസനായി എത്തിയത് മാധവനാണ്. കിരണ്‍ റാത്തോഡ്, നാസര്‍, സന്താന ഭാരതി, സീമ, ഉമ, റിയാസ് ഖാന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കമ്മ്യൂണിസം , നിരീശ്വരവാദം , പരോപകാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

ഭുവനേശ്വറില്‍ നിന്ന് ചെന്നൈയിലേക്കുള്ള ഒരു അപ്രതീക്ഷിത യാത്ര നടത്തുന്ന വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള നല്ലശിവത്തിന്റെയും അന്‍പരസന്റെയും കഥ പറയുന്ന ചിത്രത്തിന് എന്നാല്‍ റിലീസ് ചെയ്ത സമയത്ത് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ സിനിമയിറങ്ങി കാലങ്ങള്‍ക്ക് ശേഷം നിരവധി നിരൂപക പ്രശംസ നേടാന്‍ അന്‍പേ ശിവത്തിന് കഴിഞ്ഞു.

അന്‍പേ ശിവം പോലൊരു സിനിമ ഇനി ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍ സുന്ദര്‍. ചിത്രം തനിക്ക് ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടമാണ് തന്നിരിക്കുന്നതെന്നും ആഗ്രഹിച്ച് ചെയ്ത ചിത്രം കാരണം ഒരു വര്‍ഷത്തോളം വീട്ടിലിരിക്കേണ്ടി വന്നെന്നും അദ്ദഹം പറഞ്ഞു.

സിനിമ അടിപൊളിയാണെന്ന് ഇപ്പോള്‍ എല്ലാവരും പറയുമ്പോള്‍ തനിക്ക് ദേഷ്യം വരുമെന്നും ഇറങ്ങിയ സമയത്ത് വേണ്ടപോലെ സ്വീകരിച്ചിരുന്നെങ്കില്‍ അത്തരത്തിലുള്ള ഒരുപാട് സിനിമകള്‍ വരാന്‍ പ്രചോദനമായേനെയെന്നും സുന്ദര്‍ പറഞ്ഞു.

‘അന്‍പേ ശിവം എന്ന ചിത്രം ചെയ്തിട്ട് എനിക്ക് ലാഭത്തേക്കാള്‍ കൂടുതല്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഞാന്‍ വളരെ ആസ്വദിച്ച് ആഗ്രഹിച്ച് ചെയ്ത സിനിമ കൊണ്ട് ഏകദേശം ഒരു വര്‍ഷത്തിനടുത്ത് ഞാന്‍ വീട്ടില്‍ ഇരിക്കേണ്ടി വന്നു എന്നതാണ് സത്യം.

ഇപ്പോള്‍ ആ സിനിമ ഇന്ത്യയില്‍ നിന്നും ഇന്ത്യക്ക് പുറത്തു നിന്നുള്ളവരും കണ്ടാല്‍ പറയുന്നത് അന്‍പേ ശിവം സൂപ്പര്‍ സിനിമയാണ് അടിപൊളി ആയിട്ടുണ്ട് എന്നാണ്. എന്നിട്ട് അവര്‍ ചോദിക്കും എന്താ സാര്‍ ഇപ്പോള്‍ അത്തരത്തിലുള്ള സിനിമയെടുക്കാത്തതെന്ന്. അപ്പോള്‍ എനിക്ക് ദേഷ്യം വരും. സന്തോഷവും വരും. സിനിമ എടുത്ത സമയത്ത് നിങ്ങള്‍ എല്ലാവരും എവിടെയായിരുന്നു എന്നാണ് ചോദിക്കാന്‍ തോന്നുക.

ഇപ്പോള്‍ എല്ലാവരും ഇരുന്നിട്ട് ടെലിവിഷനിലും സി.ഡിയിലും കണ്ടിട്ട് സിനിമ നന്നായി അടിപൊളിയായി എന്ന് പറയുന്നു. ആ സിനിമ തിയേറ്ററില്‍ ഇറങ്ങിയപ്പോള്‍ ആളുകള്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിരുന്നെങ്കില്‍ വീണ്ടും വീണ്ടും അത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായേനെ. അന്‍പേ ശിവം എനിക്ക് ഒരുപാട് വേദനകള്‍ സമ്മാനിച്ച ചിത്രമാണ്,’ സുന്ദര്‍ സി പറയുന്നു.

Content Highlight: Sundar C Talks  About Anbe  Sivam Movie

We use cookies to give you the best possible experience. Learn more