| Saturday, 11th May 2024, 5:54 pm

പരാജയപ്പെട്ട ആ സിനിമ കാരണമാണ് എന്റെ മകള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ ലഭിച്ചത്: സുന്ദര്‍. സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ചയാളാണ് നടനും സംവിധായകനുമായ സുന്ദര്‍. സി. തന്റെ കരിയറില്‍ താന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമ തിയേറ്ററില്‍ പരാജയമായെന്നും എന്നാല്‍ ആ സിനിമ കാരണം പിന്നീട് തന്റെ മകള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിച്ചെന്നും സുന്ദര്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കമല്‍ ഹാസന്റെ തിരക്കഥയില്‍ സുന്ദര്‍. സി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്‍പേ ശിവം. പ്രയദര്‍ശന്‍ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം സുന്ദറിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. കാലങ്ങള്‍ക്ക് ശേഷം സിനിമയെ പ്രേക്ഷകര്‍ അംഗീകരിച്ചു. അന്‍പേ ശിവം സിനിമ കണ്ട സ്‌കൂള്‍ പ്രിന്‍സിപ്പലാണ് തന്റെ മകള്‍ക്ക് ഒരു വലിയ മോഡല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കിയതെന്ന് സുന്ദര്‍ പറഞ്ഞു.

‘എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമകളിലൊന്നാണ് അന്‍പേ ശിവം. ആ സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ കമല്‍ സാറിനോട് പറഞ്ഞത്, ഇപ്പോള്‍ മനസിന് ചെറിയ സന്തോഷം തോന്നുന്നുണ്ട് സാര്‍, എന്തോ നമ്മള്‍ വലിയൊരു കാര്യം ചെയ്തതു പോലെ തോന്നുന്നു എന്നായിരുന്നു. ഇത് കേട്ട് കമല്‍ സാര്‍ പറഞ്ഞത്, ‘ഈ സിനിമ കാരണം നിങ്ങള്‍ക്കും എനിക്കും ജീവിതത്തില്‍ നല്ലത് മാത്രമേ സംഭവിക്കുള്ളൂ’ എന്നാണ്.

എന്നാല്‍ സിനിമ തിയേറ്ററില്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അത് വല്ലാത്ത വിഷമമുണ്ടാക്കി. ആ സിനിമയിറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞാണ് മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. ടൗണിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളായിരുന്നു അത്. അഡ്മിഷന് പോയപ്പോള്‍ അവിടത്തെ സ്റ്റാഫുകളെല്ലാം എന്നെയും ഭാര്യയെയും കളിയാക്കി. ‘എന്താ സാര്‍, ജൂണിലെ അഡ്മിഷന് മെയില്‍ ആണോ വരുന്നത്. ഇവിടെയെല്ലാം അഡ്മിഷന്‍ പെട്ടെന്ന തീര്‍ന്ന് പോകും’ എന്ന് പറഞ്ഞു.

എന്തായാലും ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി പ്രിന്‍സിപ്പലിനെ കണ്ടിട്ട് പോകാന്‍ പറഞ്ഞു. അവരാണെങ്കില്‍ തമിഴ്‌നാട്ടുകാരിയല്ല. ഞാന്‍ അവരുമായി സംസാരിച്ചു. തമിഴിലെ ഡയറക്ടറാണെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ അവര്‍ക്ക് കൂടുതല്‍ പുച്ഛമായി. ‘തമിഴില്‍ നല്ല സിനിമകള്‍ ഇറങ്ങുന്നില്ലല്ലോ, എല്ലാം ചവറ് സിനിമകള്‍ ഈയടുത്ത് ഇറങ്ങിയതില്‍ ആകെ കൊള്ളാവുന്ന സിനിമ അന്‍പേ ശിവം മാത്രമാണ്’ എന്നാണ് പറഞ്ഞത്.

ഇത് കേട്ടതും എന്റെ ഭാര്യ ഞാനാണ് ആ സിനിമ സംവിധാനം ചെയ്തത് എന്ന് പറഞ്ഞു. ആ ഒരൊറ്റ കാരണം കൊണ്ട് മകള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടി. അവളിന്ന് കമല്‍ ഹാസന്‍ സാറിന്റെ തഗ് ലൈഫ് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണ്,’ സുന്ദര്‍. സി പറഞ്ഞു.

Content Highlight: Sundar C talking about Anbe Sivam movie

We use cookies to give you the best possible experience. Learn more