| Tuesday, 7th May 2024, 9:01 am

മിന്നാരം സിനിമയുടെ റീമേക്ക് ഞാന്‍ ചെയ്തത് വേറെ കഥയൊന്നും കിട്ടാത്തതുകൊണ്ടായിരുന്നു: സുന്ദര്‍. സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുപിടി മികച്ച സിനിമകള്‍ തമിഴ് ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചയാളാണ് നടനും സംവിധായകനും നിര്‍മാതാവുമായ സുന്ദര്‍. സി. കാക്കകുയില്‍, മിന്നാരം, സ്ഫടികം തുടങ്ങി ചില മലയാള സിനിമകള്‍ സുന്ദര്‍. സി തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇതില്‍ മിന്നാരം എന്ന സിനിമ റീമേക്ക് ചെയ്യാനുണ്ടായ അനുഭവം സുന്ദര്‍ പങ്കുവെച്ചു. തന്റെ പുതിയ ചിത്രമായ അരന്മനൈ 4ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഴകാന നാട്കള്‍ എന്ന സിനിമയാണ് മിന്നാരത്തിന്റെ റീമേക്കെന്നും അത് ശരിക്കും വേറെ കഥയായി ചെയ്യാനിരുന്ന സിനിമയായിരുന്നെന്നും സുന്ദര്‍ പറഞ്ഞു. കാര്‍ത്തിക് സിമ്രാന്‍ എന്നിവര്‍ ഒന്നിച്ചുള്ള സിനിമയായിരുന്നു മനസില്‍ ഉണ്ടായിരുന്നതെന്നും സിമ്രാന് സെറ്റില്‍ ജോയിന്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ വേറെ സിനിമ ചെയ്യേണ്ട അവസ്ഥയില്‍ മിന്നാരത്തിന്റെ റൈറ്റ്‌സ് നാല് ദിവസം കൊണ്ട് വാങ്ങി തമിഴില്‍ ചെയ്യുകയായിരുന്നുവെന്നും സുന്ദര്‍ പറഞ്ഞു.

‘മിന്നാരം തമിഴില്‍ ചെയ്തത് വേറെ കഥയില്ലാത്തതു കൊണ്ടായിരുന്നു. അഴകാന നാട്കള്‍ എന്ന സിനിമ ആദ്യം വേറെ കഥയായി ചെയ്യാനിരുന്ന സിനിമയായിരുന്നു. ഊട്ടിയുടെ പശ്ചാത്തലത്തില്‍ ഒരു ലവ് സ്റ്റോറി ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. കാര്‍ത്തിക് ആയിരുന്നു ആ സിനിമയിലെ നായകന്‍. ആ സമയത്ത് സിമ്രാന്‍ ഇന്‍ഡസ്ട്രിയിലെ മികച്ച നടി എന്ന നിലയില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇവര്‍ രണ്ടു പേരുടെ കൂടെ ജയറാമിനെയും വെച്ച് അഴകാന നാട്കള്‍ ചെയ്യാനായിരുന്നു പ്ലാന്‍. എല്ലാവരുടെയും ഡേറ്റും കിട്ടി.

കാര്‍ത്തിക് സാറൊക്കെ കൃത്യദിവസം എത്തി. പക്ഷേ ബാലചന്ദര്‍ സാറിന്റെ സിനിമ നീണ്ടുപോയതിനാല്‍ സിമ്രാന് കൃത്യ ദിവസത്ത് സെറ്റിലെത്താന്‍ പറ്റിയില്ല. നാല് ദിവസം ലേറ്റാകുമെന്ന് പറഞ്ഞു. ആ സമയം കാര്‍ത്തിക് സാറിന്റെ കുറച്ച് പോര്‍ഷന്‍സ് ഷൂട്ട് ചെയ്തു. പക്ഷേ നാല് ദിവസം കഴിഞ്ഞിട്ടും സിമ്രാന്‍ ഫ്രീ ആയില്ല. ഇനിയും കാത്തുനിന്നാല്‍ കാര്‍ത്തിക് സാറിന്റെ ഡേറ്റ് പാഴായിപ്പോകുമെന്ന് മനസിലായി.

എന്തുചെയ്യും എന്നറിയാതെ ഇരുന്നപ്പോഴാണ് മിന്നാരം സിനിമ മനസിലേക്ക് വന്നത്. അത് റീമേക്ക് ചെയ്യാമെന്ന തീരുമാനിച്ചു. പ്രിയദര്‍ശന്‍ സാറിനെയും മിന്നാരത്തിന്റെ പ്രൊഡ്യൂസറിനെയും കോണ്ടാക്ട് ചെയ്ത് റീമേക്ക് റൈറ്റ്‌സ് വാങ്ങി നാല് ദിവസം കൊണ്ട് സ്‌ക്രിപ്റ്റ് തയാറാക്കി ഷൂട്ട് ചെയ്തു. തമിഴിലും ചിത്രം മികച്ച വിജയമായി,’ സുന്ദര്‍. സി പറഞ്ഞു.

Content Highlight: Sundar C shares the story of Minnaram Tamil remake

We use cookies to give you the best possible experience. Learn more